Crime
അനധികൃത സ്വത്തു കേസ്: ടോമിൻ ജെ.തച്ചങ്കരിക്ക് 4 വർഷം തടവ്, 30 ലക്ഷം രൂപ പിഴ
കോട്ടയം :അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം വിധിച്ചു. 30, 84,892 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.
തച്ചങ്കരിക്ക് തന്റെ വരുമാന സ്രോതസ്സുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്തുണ്ടായിരുന്നെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വെളിപ്പെടുത്തിയ വരുമാന മാർഗങ്ങളേക്കാൾ 135% കൂടുതലായിരുന്നു ഇത്. അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ തച്ചങ്കരിക്ക് സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തച്ചങ്കരിക്ക് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്.
സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെത്തുടർന്നാണു വിജിലൻസ് കോടതി ജഡ്‌ജി കെ.വി.രജനീഷിന്റെ മുൻപാകെ വിചാരണ പൂർത്തിയാക്കിയത്.
മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ശ്രീകാന്ത് ഹാജരായി.
