Alappuzha
നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി കോടതിയിൽ ഹാജരായി.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരായി. കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസ് കോടതി പരിഗണിക്കുകയാണ്. വിചാരണ നടപടികളുടെ തീയതി തീരുമാനിക്കുന്നതിനായാണ് പ്രധാനമായും കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്.
തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനാണ് നിർദേശം നൽകിയിരുന്നത്. പുതിയ പ്രതികളെയൊന്നും ചേർക്കാതെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ആറ് എൽ ഡി എഫ് നേതാക്കൾ ആണ് കേസിലെ പ്രതികൾ.കേസ് വിചാരണ ഘട്ടത്തിൽ എത്തിനിൽക്കെ ഇടത് വനിതാ എൽ എൽ എമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ നൽകിയിരിക്കുകയാണ്. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെയാണ് പ്രതി ചേർക്കുന്നത്. മുൻ വനിതാ എം എൽ എ ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുക. പ്രത്യേകം കേസ് എടുത്തായിരിക്കും മുൻ കോൺഗ്രസ് എം എൽ എമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്.