Connect with us

Crime

എം.എൽ.എ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം

Published

on

പാലക്കാട്: കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പുശ്രമം രണ്ട് മണിക്കൂറോളം നീണ്ടു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്ന് പറഞ്ഞു ഫോൺ വന്നത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്.

പിന്നീട് തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലയാളത്തിലാണ് സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വീഡിയോ കോളിലെത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്ക് മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ നൽകി.
മുംബയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതോടെ എംഎൽഎക്ക് സംശയം തോന്നി കോൾ കട്ട് ചെയ്തു. ഈ സമയം വീട്ടിലെത്തിയ എംഎൽഎയുടെ ഡ്രൈവറാണ് കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീട് പലതവണ കോൾ വന്നെങ്കിലും എടുത്തില്ലെന്ന് ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി.

Continue Reading