Connect with us

Business

മരുന്ന് കമ്പനി ‘നാറ്റ്‌കോ’ സിപിഎമ്മിന് ഒരു കോടി സംഭാവന നൽകിയ വിവരം പുറത്ത്

Published

on

തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗികൾക്കു കുറഞ്ഞ വിലയ്ക്കു മരുന്നു വിതരണം ചെയ്ത ഹൈദരാബാദ് കമ്പനിയായ നാറ്റ്‌കോ സിപിഎമ്മിനു സംഭാവനയായി ഒരു കോടിയിലേറെ രൂപ നൽകിയെന്ന് രേഖകൾ. കമ്പനി കോൺഗ്രസിന് 13 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകിയെന്ന് സിപിഎം മുഖപത്രം ആരോപിച്ചതിനു പിന്നാലെയാണ് പാർട്ടിയും നാറ്റ്‌കോയിൽനിന്നു പണം വാങ്ങിയെന്ന വിവരം പുറത്തുവരുന്നത്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു സിപിഎം നൽകിയ സംഭാവനകളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2023-24ൽ ചെക്ക് വഴി മൂന്നു തവണയായി ഒരു കോടി രൂപ വാങ്ങിയത്. രണ്ടു തവണ 30 ലക്ഷവും ഒരു തവണ 40 ലക്ഷവുമാണു നൽകിയിരിക്കുന്നത്. 2024-25ൽ അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

നാറ്റ്‌കോയിൽനിന്നു മരുന്നു വാങ്ങാനുള്ള നടപടിക്രമങ്ങൾ ഇടതുസർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നുവെന്ന് ഇന്നലെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതു സംബന്ധിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാറ്റ്‌കോയിൽനിന്നു മറ്റു മരുന്നുകൾ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങുകയും ചെയ്തിരുന്നു. സ്വിസ് കമ്പനിയായ റോഷ് ബോട്ടിലിന് ആറുലക്ഷം രൂപയ്ക്കു നൽകിയിരുന്ന എസ്എംഎ മരുന്നായ റിസ്ഡിപ്ലാം 15000 രൂപയ്ക്ക് നൽകാൻ നാറ്റ്‌കോ രംഗത്തു വന്നതോടെയാണ് വിവാദം ശക്തമായത്.

കഴിഞ്ഞ ദിവസം എസ്എടി ആശുപത്രിയിൽനിന്നു നൽകിയ നാറ്റ്‌കോയുടെ മരുന്നിന്റെ പായ്ക്കറ്റിൽ ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് എഴുതിയിരുന്നത് രോഗികളുടെ മാതാപിതാക്കളെ ആശങ്കയിലാക്കി. തുടർന്ന് അധികൃതർ മരുന്നു മാറി നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞുങ്ങളെ പരീക്ഷണവസ്തുവാക്കുന്ന ക്രൂരതയാണു നടക്കുന്നതെന്നാണ് സിപിഎമ്മിന്റെ മൂന്നു മുൻ ആരോഗ്യമന്ത്രിമാർ ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

Continue Reading