Business
സിഎംആർ-എക്‌സാലോജിക് കേസ് : പിണറായി ഒന്നാം പ്രതി . രണ്ട് എഫ്‌ഐആറുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ സംസ്ഥാന വിജിലൻസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.
അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. അതേസമയം രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ.ഡിയുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്.
ഏതെല്ലാം വകുപ്പുകൾ പ്രകാരമാണ് കേസുകളെന്നും മറ്റ് പ്രതികൾ ആരെല്ലാമാണെന്നും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കേസുകളിൽ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിക്കുമെന്നാണ് വിവരം.
തനിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. മകൾ വീണയും പിണറായിക്കൊപ്പം ഹർജി നൽകും. കോടതി അനുവദിച്ചാൽ മാത്രമാകും അപ്പീൽ പരിഗണിക്കുക. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെടും. ഇ.ഡി റിപ്പോർട്ടിൽ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീൽ. മുതിർന്ന അഭിഭാഷകരാണ് പിണറായിക്കും വീണയ്ക്കുമായി ഹൈക്കോടതിയിലെത്തുക.
നേരത്തേ പിണറായി വിജയനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല. സർക്കാർ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സർക്കാർ നിയമോപദേശം തേടി. എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ-എക്‌സാലോജിക് കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പിണറായി വിജയനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
