Connect with us

Crime

ധനരാജ് വധം : മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും

Published

on

തളിപ്പറമ്പ്:സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ (41) വീടിനുമുന്നിൽ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവര്യന്തം തടവ്. അഞ്ചു ലക്ഷം രൂപ പിഴയും.

ഒന്നാംപ്രതി പയ്യന്നൂർ രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടി.പി.ബിജു (34), രണ്ടാംപ്രതി രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരൻ വീട്ടിൽ എം.വിപിൻ (34), സഹോദരൻ എം.വൈശാഖ് (31) എന്നിവർക്കാണ് ശിക്ഷയാണ് വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷാവിധി പ്രസ്താവിക്കവെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പറഞ്ഞു.

പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നൽകണം. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 5.4 വർഷത്തെ പ്രത്യേക തടവും വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ പൂർത്തീകരിച്ചതിന് ശേഷമാകും പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുക. പ്രതികൾ പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂട്ടർ എന്ന നിലയിൽ ഈ ശിക്ഷാവിധിയിൽ പൂർണ്ണം സംതൃപ്തനാണെന്ന് സീനിയർ അഭിഭാഷകൻ സി.കെ.ശ്രീധരൻ പറഞ്ഞു.

കേസിൽ ആകെ 20 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. 12-ാം പ്രതി സി.ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള 16 പ്രതികളെയും കോടതി തിങ്കളാഴ്ച വെറുതേ വിട്ടിരുന്നു.

കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപ്രതികൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. മറ്റു പ്രതികൾ കൊലപാതകത്തിന് സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമാണെന്നാണ് കേസ്. എന്നാൽ ഇക്കാര്യം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് ശിക്ഷ വിധി ച്ചത്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇത്തരം കേസുകളിൽ സുപ്രീംകോടതിയിൽ മുൻകാലങ്ങളിലുണ്ടായ ചില വിധികൾ പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ഏറ്റവും ക്രൂരമായി അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുന്നിൽ നടന്ന കൊലപാതകമാണിതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 37 മുറിവുകളുണ്ടാകും വിധം മൃഗീയമായാണ് കൊലപ്പെടുത്തിയത്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ പ്രതികൾ അർഹിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാംപ്രതിയുടെ പേരിൽ നാല് കേസുകളും രണ്ടാം പ്രതിക്ക് 20 കേസുകളും മൂന്നാംപ്രതിക്ക് 18 കേസുകളും നിലവിലുണ്ടെന്ന വിവരം ജയിൽ-പോലീസ് അധികൃതർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയുടെ ആവശ്യപ്രകാരമാണ് ഈ വിവരങ്ങൾ സമർപ്പിച്ചത്.

Continue Reading