Connect with us

KERALA

നൈറ്റ് ലൈഫും പാർട്ടികളും പൂർണമായി വിലക്കാനാവില്ലെന്നു കോടതി

Published

on

കൊച്ചി :ഡിജെ പാർട്ടികളും രാത്രി ജീവിതവുമൊക്കെ പ്രശ്നമാണെന്നും അതുകൊണ്ട് അവയൊന്നും പാടില്ലെന്ന് പറയുന്ന ‘പൊലീസ് രാജ്’ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. ലഹരി ഉപയോഗം ഉണ്ടെന്ന് ആരോപിച്ച് ആഘോഷങ്ങൾ വിലക്കുകയല്ല, മറിച്ച് ലഹരി ഉപയോഗം തടയുക എന്നതാണ് പ്രധാനമെന്ന് കോടതി ഓർമിപ്പിച്ചു. ബാറുകളിൽ മാത്രമല്ല, പള്ളികളിലും അമ്പലങ്ങളിലുമൊക്കെ ഉത്സവങ്ങൾ നടക്കുമ്പോൾ ആളുകൾ സന്തോഷത്തോടെ ഒത്തുകൂടുന്നതും നൃത്തം ചെയ്യുന്നതും സ്വാഭാവികമാണ്. അവിടെയെല്ലാം ലഹരി ഉപയോഗം ഉണ്ടെന്ന് ആരോപിച്ച്  നൈറ്റ് ലൈഫും പാർട്ടികളും പൂർണമായി വിലക്കാനാവില്ലെന്നും കോടതി പറഞ്ഞു

പഞ്ചനക്ഷത്രബാറുകളുടെ പ്രവർത്തനത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവര്‍ പരിഗണിച്ചത്. നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നേരത്തെ നോട്ടിസുകൾ നൽകിയിരുന്നു. ഇതാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. എന്താണ് സർക്കാരിന്റെ പ്രശ്നമെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞു. ബാർ 3 മണി വരെ പ്രവർത്തിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ അവിടെ ഡിജെ പാർട്ടികൾ പാടില്ല എന്നാണ് പറയുന്നത്. പാർട്ടി നടത്തിയാൽ ലഹരി ഉപയോഗിക്കും എന്നാണോ പറയുന്നത്. അപ്പോൾ മദ്യം ഇല്ലാത്തിടത്ത് ഡിജെ പാർട്ടി നടത്തിയാലോയെന്ന് കോടതി ചോദിച്ചു. ‘ആ ബാറിൽ ആരും ഡാൻസ് ചെയ്യരുത്, ആ ബാറിൽ ആരും പാട്ടു കേൾക്കരുത്, പാട്ട് കേട്ടാൽ ലഹരി ഉപയോഗിക്കും, ഡാൻസ് ചെയ്താൽ ലഹരി ഉപയോഗിക്കും എന്നൊക്കെ പറഞ്ഞു തുടങ്ങി’– കോടതി വാക്കാൽ പറഞ്ഞു. 

പൊലീസിന്റെ ഭാഗത്തുനിന്നും മുൻകൂട്ടി അനുമാനിച്ചുള്ള ‘സ്റ്റീരിയോടൈപ്പ്’ നടപടികളാണ് പലപ്പോഴും ഉണ്ടാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രെഡിക്ടീവ്, പ്രിവെന്റീവ് പൊലീസിങ് ശരിയല്ല. ഏതെങ്കിലും ഒരു സ്ഥലത്ത് തെറ്റ് നടന്നു എന്ന് കരുതി എല്ലാ ആഘോഷങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്നതും നൈറ്റ് ലൈഫ് പൂർണമായി നിരോധിക്കുന്നതും അംഗീകരിക്കാനാവില്ല. പൊലീസിനെ പൂർണമായി പിന്തുണയ്ക്കുമ്പോൾ തന്നെ, അകാരണമായ നിയന്ത്രണങ്ങളും പോലീസ് രാജും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡിജെ പാർട്ടികൾ നടത്തുമ്പോൾ പ്രത്യേക ലൈസൻസിങ് ആവശ്യമില്ലാത്ത സാഹചര്യങ്ങളും മദ്യം ലഭ്യമല്ലാത്ത വെജിറ്റേറിയൻ റസ്റ്ററന്റുകളിലും കുടുംബയോഗങ്ങളിലും മറ്റും നടക്കുന്ന പാർട്ടികളെല്ലാം നിയമപരമായി എങ്ങനെ തടയാൻ സാധിക്കുമെന്നും കോടതി ചോദിച്ചു. സ്വകാര്യ സ്ഥലങ്ങളിൽ പാർട്ടി നടത്തുമ്പോൾ പാലിക്കേണ്ട കൃത്യമായ നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു.

Continue Reading