Crime
ചേരാനല്ലൂർ വാഹനാപകടം: പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും വാക് വാദം : വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റി
ചേരാനല്ലൂർ വാഹനാപകടം: പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും വാക് വാദം : വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റി
കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നേർക്കുനേർ. ഇരുകൂട്ടരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതോടെ കേസ് കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. ജയബാലകൃഷ്ണനെ ഇടിച്ചിട്ട കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ എറണാകുളം അഡിഷനൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. സ്വതന്ത്രമായി അന്വേഷണം നടത്താൻ സാധിക്കാത്ത വിധത്തിൽ ഇടപെടലുണ്ടാകുന്നുവെന്ന പ്രോസിക്യൂഷന്റെ ആരോപണം ഗുരുതരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, തങ്ങൾ അന്വേഷണത്തിനു തടസ്സം നിൽക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്ന് കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ഇന്ന് കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ കുടുംബത്തിനെതിരെ കോടതിയിൽ പരാതി പറഞ്ഞത്. കേസ് സ്വതന്ത്രമായി നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ട്. പ്രോസിക്യൂഷനെയും കോടതിയെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുന്നുവെന്നും പരാതി ഉയർന്നു. പ്രോസിക്യൂഷന്റെ ആരോപണം വളരെ ഗുരുതരമാണെന്ന് കോടതി പ്രതികരിച്ചു. ആരാണ് അന്വേഷണത്തിൽ അനാവശ്യമായി ഇടപെടുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഏജൻസിയെ സമ്മർദത്തിലാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ 7 വർഷമായി പ്രോസിക്യൂട്ടറായി ജോലി ചെയ്യുന്നയാളാണ് അന്വേഷണ ഏജൻസിക്കു വേണ്ടി ഹാജരാവുന്നതെന്നും കോടതി പറഞ്ഞു.
എന്നാൽ പ്രോസിക്യൂഷനിൽനിന്ന് രേഖകൾ ലഭിക്കാൻ പോലും ബുദ്ധിമുട്ടുന്നതായി കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു. തങ്ങൾ പതിനേഴുകാരന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും എന്നാൽ തൽക്കാലം അത് പറയുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇതോടെ, പതിനേഴുകാരൻ ഉൾപ്പെട്ട കേസായതിനാലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചും വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റാമെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബം ഇതിനെ എതിർത്തു. തുറന്ന കോടതിയിൽ തന്നെ വാദം കേൾക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
