Connect with us

Wayanad

മൊറട്ടോറിയം മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി

Published

on

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ് ഗ്രാഷ്യയായി പണം നല്‍കുന്ന പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചത്.

കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാർ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം. സാധാരണക്കാരുടെ ദീപാവലി സർക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും കോടതി അറിയിച്ചിരുന്നു.

രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസ കാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിങ് കമ്പനികള്‍ക്ക് നല്‍കും. ഏകദേശം 5500 കോടി രൂപ മുതല്‍ 6000 കോടി രൂപ വരെയാണ് പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പുള്ളവര്‍ക്ക് മാത്രമേ ഈ ആനൂകുല്യത്തിന് അര്‍ഹതയുള്ളു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി മുഴുവനായോ ഭാഗികമായോ വിനിയോഗിച്ചവര്‍ക്കും മൊറട്ടോറിയം ലഭിക്കാത്തവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

എല്ലാ വായ്പകളും കൂടി രണ്ട് കോടിക്ക് മുകളിലാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ പലിശയാണ് കണക്കുകൂട്ടുക. വായ്പ നല്‍കിയത് ഏതെങ്കിലും ബാങ്കിങ് കമ്പനിയോ ബാങ്കോ സഹകരണ ബാങ്കോ ആയിരിക്കണം തുടങ്ങിയവയാണ് പദ്ധതിയിലെ വ്യവസ്ഥകള്‍. നേരത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ആര്‍.ബി.ഐ. മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

Continue Reading