KERALA
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്ജി.സുധാകരൻ വിട്ടുനിന്നു
.
ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റിയിലെ അംഗമാണ് അനുമതിയില്ലാതെ ലൈവ് ഇട്ടത്. ലൈവ് പങ്കുവെച്ചപ്പോൾ മഞ്ഞുരുകിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സുധാകരന്റെ അറിവോടെയായിരുന്നല്ല എന്നാണ് വിവരം.
പാർട്ടിയുടെ കരുത്തും ശക്തിയുമാണ് ജി സുധാകരൻ എന്നും ശാരീരിക അവശതകൾ കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. തെന്നി വീണതിനെ തുടർന്ന് കാലിന് ഒടിവ് പറ്റിയിട്ടുണ്ട്. അതിന്റെ ക്ഷതത്തിൽ നിന്ന് അദ്ദേഹം വിമുക്തനായെങ്കിലും പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഇത്രയും ദൂരം യാത്ര ചെയ്യാൻ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിൽ ജി. സുധാകരൻ പങ്കെടുക്കുമോ, സി.പി.എമ്മും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സുധാകരൻ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലൈവ് സംപ്രേഷണം അടക്കം പിൻവലിച്ചത് അതൃപ്തി മാറാത്തതിനെ തുടർന്നാണെന്നാണ് ആരോപണം.
പാലത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചെങ്കിലും സുധാകരനെ കാണാൻ പിണറായി എത്തുകയും ചെയ്തില്ല
