KERALA
മുൻ എസ്.എഫ്.ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തേക്ക് ശുപാർശ ചെയ്തത് ഡീൻ കുര്യാക്കോസ്
തൊടുപുഴ: അഡ്വ.ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ നടത്തി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് . ഈ നിയമനത്തിനായി ശുപാർശ നൽകിയത് താനാണെന്ന് ഡീൻ വെളിപ്പെടുത്തി. മുൻമന്ത്രി കെ. ബാബു നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ താൻ തന്നെയാണ് ജിയോണയെ ശുപാർശ ചെയ്തതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
പ്ലീഡർ നിയമന വിവാദത്തിൽ ഒരു യുവ എം.പിയുടെ ശുപാർശയുണ്ടെന്ന കാര്യം കെ. ബാബുവാണ് ആദ്യം വെളിപ്പെടുത്തിയത്. ഇടുക്കി എം.പിയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പേര് എടുത്ത് പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനകൾ നൽകിയിരുന്നു. ഷാഫി പറമ്പിലോ ഹൈബി ഈഡനോ അല്ല ഈ ശുപാർശ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ഈ കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ സന്ദർഭങ്ങളിലും രാഷ്ട്രീയം മാത്രം നോക്കാൻ കഴിയില്ലെന്നും അപേക്ഷകരുടെ യോഗ്യത കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കോൺഗ്രസ് എംപി തന്നെ ശുപാർശ ചെയ്ത പേരായതിനാൽ മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യം വെച്ച് വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജിയോണ ജയിംസിനു വേണ്ടി താൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന്റെ കാരണങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി വിശദീകരിക്കാമെന്നാണ് അദ്ദേഹം സ്വകാര്യ ചാനലുകളോട് അറിയിച്ചിട്ടുള്ളത്. നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്ക് അദ്ദേഹം തയ്യാറായിട്ടില്ല.
മുൻ എസ്.എഫ്.ഐ പ്രവർത്തകയായ ജിയോണയെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തേക്ക് ശുപാർശ ചെയ്തത് കോൺഗ്രസിനുള്ളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.
