International
ഫ്രാൻസിനെ പൂട്ടി സ്പെയിൻ ഫൈനലിൽ, എതിരാളി അർജന്റീനയോ ഇംഗ്ലണ്ടോ?
ഡാലസ് : ഏത് കരുത്തരെയും വിറപ്പിക്കാനുള്ള കെൽപ്പുണ്ടെന്ന ഫ്രഞ്ച് പടയുടെ ആത്മവിശ്വാസം. എംബാപ്പെയും ഡെംബെലെയും ഒലീസെയുമടങ്ങുന്ന ട്രിപ്പിൾ എഞ്ചിന്റെ കരുത്ത്.ഈ ഫ്രാൻസിനെ ആര് തടയുമെന്ന ചോദ്യത്തിന് ലോകകപ്പിലെ ആദ്യ സെമി ഫൈനൽ വിസിൽ മുഴങ്ങി മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ഉത്തരം നൽകി, ലൂയിസ് ഫുയെന്റെയുടെ സംഘം. നല്ല ഒന്നാന്തരം പൂട്ടൊരുക്കിയപ്പോൾ ലോകഫുട്ബോളിലെ സൂപ്പർതാരനിര പാടെ നിറംമങ്ങി. ഫ്രഞ്ച് പ്രതിരോധക്കോട്ട പൊളിച്ച് സ്പെയിൻ നിറയൊഴിച്ചത് രണ്ടുതവണ. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാർഥത്തിൽ പൂട്ടിസ്പെയിൻ ലോകകപ്പ് ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഇംഗ്ലണ്ട്-അർജന്റീന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികളായെത്തുക
ആധികാരികജയങ്ങളോടെ സെമിയിലെത്തിയ ഫ്രാൻസ് സംഘത്തെ വിദഗ്ധമായി പ്രതിരോധിക്കുക ലക്ഷ്യമിട്ടുതന്നെയാണ് സ്‌പെയിൻ കളത്തിലിറങ്ങിയത്. പെഡ്രിയെ ആദ്യഇലവനിൽ ഉൾപ്പെടുത്താതെ ഡാനി ഒൽമോ, റോഡ്രി, ഫാബിയാൻ റൂയിസ് എന്നിവരെ മൈതാനമധ്യത്ത് നിലയുറപ്പിച്ചു. അത് ആദ്യപകുതിയിൽ കൃത്യമായി ഫലം കണ്ടു. ഫ്രാൻസിന്റെ പല മുന്നേറ്റങ്ങളുടെയും മുന മൈതാനമധ്യത്തുവെച്ചുതന്നെ ഒടിക്കാൻ സ്‌പെയിനിനായി. കഴിഞ്ഞ മത്സരങ്ങളിൽ എതിർപ്രതിരോധത്തെ വിറപ്പിച്ചുനിർത്തിയ ഫ്രാൻസിന്റെ മുന്നേറ്റനിരയെ ഒരുപരിധിവരെ പൂട്ടാൻ സ്‌പെയിനിന് കഴിഞ്ഞു. മറുവശത്ത് സ്‌പെയിനാകട്ടെ പന്ത് കൈവശംവെച്ച് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
കളിയുടെ ആറാം മിനിറ്റിൽ ഫ്രാൻസിനായി റാബിയോട്ടും 11-ാം മിനിറ്റിൽ സ്‌പെയിനിനായി അലക്‌സ് ബയേനയും ഗോളിനടുത്തെത്തി. കാര്യമായ മുന്നേറ്റങ്ങൾ നടത്തുന്നതിനിടെ തന്നെ സ്‌പെയിനിന് 22-ാം മിനിറ്റിൽ പെനാൽറ്റി കിട്ടി. ബോക്‌സിനുള്ളിൽ നിന്ന് ലാമിൻ യമാലിനെ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെ ഫൗൾ ചെയ്തതാണ് പെനാൽറ്റിക്ക് വഴിവെച്ചത്. പെനാൽറ്റിയെടുത്ത ഒയർസബാലിന് പിഴച്ചില്ല. സ്‌പെയിൻ മുന്നിലെത്തി. 30-ാം മിനിറ്റിൽ പരിക്കേറ്റ വില്ല്യം സാലിബയ്ക്ക് പകരം മാക്‌സെൻസ് ലാക്രോയിക്‌സ് ഫ്രാൻസിനായി കളത്തിലെത്തി. ലീഡെടുത്തതിന് പിന്നാലെയും മുന്നേറ്റം തുടരുന്ന സ്‌പെയിനിനെയാണ് മൈതാനത്ത് കണ്ടത്. 34-ാം മിനിറ്റിൽ ഒൽമോയ്ക്ക് മികച്ച അവസരം കിട്ടി. കിട്ടിയ അവസരങ്ങളിൽ ഫ്രാൻസ് കൗണ്ടർ അറ്റാക്കുകൾ നടത്തി. ആദ്യപതിനൊന്നിൽ തിരിച്ചെത്തിയ ബാർക്കോള മികച്ചുനിന്നു.
ആദ്യപകുതിയിലെ കണക്കുകളിലും കൃത്യമായ മുന്നേറ്റം പ്രകടമായിരുന്നു. ഒരുഗോളിന് മുന്നിട്ടുനിന്നതുമാത്രമല്ല, ഷോട്ടുകളിലും ബോൾ പൊസഷനിലും സ്‌പെയിൻ ഫ്രഞ്ച് പടയെ മറികടന്നു. അഞ്ച് ഷോട്ടുകളാണ് സ്‌പെയിൻ ആദ്യപകുതിയിൽ എതിർഗോൾമുഖത്ത് തൊടുത്തതെങ്കിൽ ഫ്രാൻസിന്റെ ഷോട്ടുകൾ രണ്ടെണ്ണം മാത്രമായിരുന്നു. അതും ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ടില്ല. സെമി വരെ നിരനിരയായി ആക്രമണങ്ങൾ അഴിച്ചുവിട്ട ഫ്രാൻസിന് ആദ്യപകുതിയിൽ പോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും ഉതിർക്കാൻ സാധിച്ചില്ലെന്നത് തന്നെ സ്‌പെയിനിന്റെ ആധിപത്യത്തിന്റെ സൂചനയായിരുന്നു.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ടാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. ബാർക്കോളയെ പിൻവലിച്ച് ദുവെയെയടക്കം കൊണ്ടുവന്നാണ് ദെഷാംസ് മുന്നേറ്റം ശക്തമാക്കിയത്. എന്നാൽ വിചാരിച്ചതുപോലെ ആക്രമണങ്ങൾ നടത്താൻ ഫ്രാൻസിന് സാധിച്ചില്ല. എംബാപ്പെയും ഡെംബെലെയുമടക്കമുള്ള ഫ്രഞ്ച് മുന്നേറ്റം അക്ഷരാർഥത്തിൽ നിറംമങ്ങി. അതിനിടെ മുന്നേറ്റം നടത്തിയ സ്‌പെയിൻ ഗോളിനടുത്തെത്തി. ഒടുക്കം 58-ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഞെട്ടി. പെഡ്രോ പോറോയിലൂടെ സ്‌പെയിൻ രണ്ടാം ഗോളും അടിച്ചു
ബോക്‌സിന് പുറത്തുനിന്ന് പെഡ്രോ പോറോ നടത്തിയ സുന്ദരമായ നീക്കമാണ് ലക്ഷ്യം കണ്ടത്. പന്തുമായി മുന്നേറിയ പെഡ്രോ പോറോ ഡാനി ഒൽമോയ്ക്ക് കൈമാറി. ഒൽമോ പെട്ടെന്ന് തന്നെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ പെഡ്രോ പോറോ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ആ നീക്കത്തെ തടയാൻ ഫ്രഞ്ച് പ്രതിരോധനിരയ്ക്ക് സാധിച്ചില്ല. അതോടെ സ്‌കോർ 2-0. തിരിച്ചടിക്കാൻ എംബാപ്പെയും സംഘവും കിണഞ്ഞുപരിശ്രമിക്കുന്ന കാഴ്ചയ്ക്കാണ് അവസാനനിമിഷം മൈതാനം സാക്ഷ്യം വഹിച്ചത്. എന്നാൽ സ്‌പെയിൻ പ്രതിരോധം ആ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കി. പന്ത് കൈവശം വെച്ച് ഫ്രാൻസിനെ പ്രതിരോധത്തിലാക്കുന്ന തന്ത്രമാണ് ലൂയിസ് ഫുയെന്റെ പുറത്തെടുത്തത്. അതിനെ മറികടക്കാൻ ഫ്രഞ്ച് പടയ്ക്കായില്ല.യൂറോകപ്പിനും യുവേഫ നാഷൻസ് ലീഗിനും ശേഷം സ്പെയിൻ ഫ്രാൻസിനെ ഒരിക്കൽ കൂടി സെമിയിൽ പരാജയപ്പെടുത്തുന്നു.
ആദ്യം പതറിയാണ് തുടങ്ങിയതെങ്കിലും പിന്നീട് മിന്നും ഫോമിലേക്കുയർന്നാണ് സ്‌പെയിൻ ഫൈനൽ ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ കളിച്ചതുപോലെ വിങ്ങുകളിലൂടെ ആക്രമണങ്ങളുടെ ഒഴുക്കൊന്നും ഇക്കുറി കണ്ടില്ല. പക്ഷേ എതിരാളികളുടെ ദൗർബല്യം അറിഞ്ഞുകൊണ്ട് തന്ത്രമൊരുക്കാൻ ലൂയിസ് ഫുയെന്റെയ്ക്കായി. അങ്ങനെയാണ് ഫ്രാൻസടക്കം ടീമുകളെല്ലാം വീഴുന്നത്. അങ്ങനെ സ്പാനിഷ് സംഘം കലാശപ്പോരിന് യോഗ്യത നേടുന്നു. ഫൈനലിൽ മെസ്സിയോ കെയ്‌നോ എത്തും. ആരാണെന്നുറപ്പില്ല. കാത്തിരിക്കുകയാണ് സ്‌പെയിനും ആരാധകരും
