Connect with us

Crime

വീണ്ടുമൊരു യുദ്ധം : ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ

Published

on

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. പശ്ചിമേഷ്യയിൽ സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ടെഹ്റാനിൽ കുറഞ്ഞത് രണ്ട് വലിയ സ്‌ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങളും ഉണ്ടായതായി ഇർന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാൻ ‘ഭീകര ഭരണകൂടത്തിന്റെ’ സൈനിക ലക്ഷ്യങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) അറിയിച്ചു. ഇതിനുപുറമെ, തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ പ്രധാന വിമാനത്താവളമായ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാത ഇറാൻ അടച്ചു. എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു.

ഇറാനുമായി ഒരു കരാറിലെത്തുന്നതിന്റെ അടുത്താണെന്നും അതിനാൽ ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം. തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ഇസ്രയേൽ തന്റെ വാക്കുകൾ കേൾക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ മിസൈൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

പശ്ചിമേഷ്യയിലെ സംഘർഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവവികാസങ്ങൾ. വ്യോമാക്രമണങ്ങൾ തുടർന്നാൽ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. നിലവിൽ യുദ്ധത്തിന്റെ കെടുതികളിൽ വലയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോർട്ട്

Continue Reading