Crime
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലിയായ മുൻ സിപിഎം നേതാവിൻ്റെ ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനു തീയിട്ടു
കണ്ണൂർ: പയ്യന്നൂരിൽ സി പി എം വിട്ട വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിയായ മുൻ സിപിഎം നേതാവ് ടി പുരുഷോത്തമന്റെ ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനു തീയിട്ടു. ചെമ്മീൻ കൃഷിക്ക് വേണ്ട സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡിനാണ് തീയിട്ടത്. പയ്യന്നൂരിലെ കണ്ടങ്കാളിയിലാണ് സംഭവം. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പുരുഷോത്തമന്റെ വീട് ആക്രമിച്ചു കാറിനു തീയിട്ടിയിരുന്നു. കാർ കത്തിച്ച കേസിൽ 5 സിപിഎം പ്രവർത്തകർ അന്ന് അറസ്റ്റിലായിരുന്നു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്. ഇന്ന് രാവിലെ ചെമ്മീന് തീറ്റ കൊടുക്കാനായി പുരുഷോത്തമൻ്റെ ജേഷ്ഠൻ്റെ മകൻ എത്തിയപ്പോഴാണ് തീപിടിച്ച് നശിച്ച നിലയിൽ ഷെഡ്ഡ് കണ്ടെത്തിയത്.ആക്രമണത്തിന് പിന്നിൽ ടി.ഐ. മധുസൂദനനെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ ആരോപിച്ചു.
ഷെഡ്ഡിനുള്ളിൽ ചെമ്മീന് കൊടുക്കേണ്ട തീറ്റ, വല, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബോക്സുകൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം കത്തി നശിച്ചിട്ടുണ്ട്. ചെമ്മീൻ കെട്ടിനകത്തും ദ്രാവക രൂപത്തിലുള്ള എന്തോ കലക്കിയതായി സംശയിക്കുന്നുണ്ടെന്ന് പുരുഷോത്തമൻ പറഞ്ഞു. ചെമ്മിൻ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമം നടന്നതായി പുരുഷോത്തമൻ സംശയിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഷെഡ്ഡ് പൂർണ്ണമായും നശിച്ച നിലയിലാണ്. തീറ്റകളും പൈപ്പുകളും, ട്രേകളും പൂർണ്ണമായും കത്തി ഉരികിയപ്പോയി. എന്തോ സ്ഫോടക വസ്തു ഉപയോഗിച്ചാണ് തകർത്തതെന്നാണ് കരുതുന്നതെന്ന് പുരുഷോത്തമൻ പറഞ്ഞു.
ഷെഡ്ഡിലെ കട്ടിലും ജനലുമൊക്കെ കാണാനില്ല. എല്ലാം തകർന്ന നിലയിലാണ്. വാതിലടക്കം കത്തി ചാമ്പലായിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്നും പുരുഷോത്തമൻ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം അക്രമിക്കാൻ കോപ്പുകൂട്ടുന്നുണ്ട്. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിച്ചവരെ ആക്രമിക്കാനാണ് അവരുടെ പ്ലാൻ. മുൻ എംഎൽഎ മധുസൂധനൻ കുറച്ച് ദിവസം മുമ്പ് എനിക്കെതിരെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും വലിയ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് ആക്രമണം നടന്നതെന്നും പുരുഷോത്തമൻ ആരോപിച്ചു
