Crime
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
അതേസമയം, കേസില്‍ തെറ്റായി മൊഴി നല്കിയ മുന്ഗണ്മാനെതിരെ നടപടി വന്നേക്കും. വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്മാന് അഭിലാഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണാ ജോര്‍ജാണ് കുരുക്കിലായത്. ഗണ്‍മാന്റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാള്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാകും എസ്ഐടി ഡിജിപിക്ക് നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
കേസില്‍ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേരുടേയും മൊഴി എസ്ഐടി രേഖപ്പെടുത്തി. എസ് ഐ ടി തലവന്‍ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതിഷേധ ദിവസമുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശമാണ് ഇവരില്‍ നിന്നും അന്വേഷണ സംഘം തേടിയത്. അതേസമയം ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടറുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
