Connect with us

Crime

സുപ്രീം കോടതി ഉത്തരവ് ഞെട്ടിക്കുന്നതും വിശ്വസിക്കാനാവാത്തതുമാണെന്ന് ബിൽക്കിസ് ബാനോ

Published

on


സുപ്രീം കോടതി ഉത്തരവ് ഞെട്ടിക്കുന്നതും വിശ്വസിക്കാനാവാത്തതുമാണെന്ന് ബിൽക്കിസ് ബാനോ

ന്യൂഡൽഹി: കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെതിരേ പോരാടുമെന്ന് അതിജീവിതയായ ബിൽക്കിസ് ബാനോ. സുപ്രീം കോടതി ഉത്തരവ് ഞെട്ടിക്കുന്നതും വിശ്വസിക്കാനാവാത്തതുമാണെന്ന് ബിൽക്കിസ് പറഞ്ഞു. ചൊവ്വാഴ്ച തന്‍റെ അഭിഭാഷകൻ മുഖേനെ പുറത്തുവിട്ട പ്രസ്താവനയിലാണ് ബിൽക്കിസിന്‍റെ പ്രതികരണം.

കേസിലെ രണ്ട് പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ ഇതിനകം 17 വർഷത്തിലധികം ജയിലിൽ കഴിഞ്ഞുവെന്നത് അടക്കം പരിഗണിച്ചാണ് കോടതിയുടെ നടപടി.

തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് ഇറക്കിയതെന്നും മാധ്യമ വാർത്തകളിലൂടെയാണ് താൻ വിവരം അറിഞ്ഞതെന്നും ബിൽക്കിസ് പറഞ്ഞു. തന്‍റെ വാദം കേൾക്കാതെ ഇത് രണ്ടാം തവണയാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. തന്‍റെ ലോകം, തന്‍റെ കുടുംബം, മനുഷ്യത്വത്തിലുള്ള തന്‍റെ വിശ്വാസം എന്നിവയെല്ലാം തന്നിൽ നിന്ന് ക്രൂരമായി ഇല്ലാതാക്കപ്പെട്ടു. 24 വർഷമായി നീതിക്കായി താൻ പോരാടി. എന്നാൽ താൻ പോരാടിയ നീതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടിരിക്കുകയാണിപ്പോൾ. പ്രതികളെ സ്വതന്ത്രരാക്കി വിട്ടതോടെ തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ബിൽക്കിസ് പറഞ്ഞു.

തന്നെ അറിയിക്കാതെയോ തന്‍റെ ഭാഗം കേൾക്കാതെയോ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തവരുടെ ശിക്ഷ മരവിപ്പിക്കാൻ സുപ്രീം കോടതിക്ക് സാധിക്കുകയെന്ന് ബിൽക്കിസ് ചോദിച്ചു. തന്‍റെ കുട്ടികളെ കരുതി ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നും അവർ വ്യക്തമാക്കി.

പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദിപ് മോദിയ എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി മരവിപ്പിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ 2022 ഓഗസ്റ്റിൽ അനുവദിച്ച ശിക്ഷാ ഇളവ് സുപ്രീം കോടതി 2024 ജനുവരിയിൽ റദാക്കിയിരുന്നു. തുടർന്ന് പ്രതികൾ ജയിലിലേക്ക് മടങ്ങി. ഇതിൽ രണ്ട് പ്രതികളുടെ ശിക്ഷയാണ് സുപ്രീം കോടതി ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.

Continue Reading