KERALA
ശബരിമല തീർഥാടകർക്ക് കൊച്ചി വിമാനത്താവളത്തിൽ ഇടത്താവളം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി വിമാനത്താവളത്തിലെ ഇടത്താവളത്തിൽ നിന്ന് ശബരിമല തീർഥാടകർക്കുള്ള ബസ് സർവീസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊച്ചി: ശബരിമല തീർഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കിയ ഇടത്താവളം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിൽ നിന്ന് ശബരിമലയിലേക്കുള്ള ബസ് സർവീസും ഫ്ലാഗ് ഓഫ് ചെയ്തു.
ആഭ്യന്തര ടെർമിനലിന്റെ അടുത്ത് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം 5,000 ചതുരശ്ര അടിയിലാണ് ഇടത്താവളം. വിമാനത്താവളത്തിൽ നിന്നും തിരിച്ചും കെഎസ്ആർടിസി സർവീസിനുള്ള ബുക്കിങ് കൗണ്ടറും ഇടത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ചാർട്ടേഡ് ബസ് ബുക്കിങ് സൗകര്യവുമുണ്ട്. ഹെലികോപ്റ്റർ സർവീസ് ബുക്കിങ്ങിനുള്ള കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിങ്, വെജിറ്റേറിയൻ ഭക്ഷണശാല, വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങളുമുണ്ട്. തത്സമയ ഫ്ലൈറ്റ് വിവരങ്ങൾക്കുള്ള ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ഇടത്താവളം 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നും എത്തുന്ന ശബരിമല തീർഥാടകർക്ക് വേണ്ടിയാണ് ഇടത്താവളം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിയാൽ അധികൃതരുടെ കണക്കുപ്രകാരം കഴിഞ്ഞവർഷം 11,000 തീർഥാടകർ ഇടത്താവളം പ്രയോജനപ്പെടുത്തിയിരുന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പുറമെ മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ വിശ്വാസികളും എത്തിയിരുന്നു.
