KERALA
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയിലേക്ക്
തിരുവനന്തപുരം∙ സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. സംസ്ഥാന നേതൃത്വവുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നുവെന്നാണു വിവരം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായിരിക്കെ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നടപടി നേരിട്ട ചെങ്ങറ സുരേന്ദ്രന്‍ സിപിഐ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
സിപിഐ എംഎല്‍എമാരായിരുന്ന കെ.അജിത്തും, സി.സി.മുകുന്ദനും നേരത്തെ ബിജെപിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവിനെ ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സുരേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്‌കൂളില്‍ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് കണ്ണൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങിച്ചശേഷം ജോലി നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് സുരേന്ദ്രനെതിരായ പരാതി. ഒരു വര്‍ഷത്തേക്കായിരുന്നു സസ്‌പെന്‍ഷനെങ്കിലും ഇതുവരെ നടപടി പിന്‍വലിക്കാന്‍ നേതൃത്വം കൂട്ടാക്കിയിട്ടില്ല. നടപടിക്കു ശേഷം പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന സുരേന്ദ്രന്‍ ഇതിനിടയിലാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയത്.
രണ്ട് തവണ ലോക്സഭാ എംപിയായിരുന്ന സുരേന്ദ്രന്‍ 1998ലും 2004ലും അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. 2014ല്‍ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനോട് പരാജയപ്പെട്ടു.
