Connect with us

Crime

പീഡന വിവരം ഒതുക്കിത്തീർക്കാൻ ഡോ. ജോൺസൺ ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നു യുവനടിയുടെ മൊഴി

Published

on

കൊച്ചി :പീഡന വിവരം ഒതുക്കിത്തീർക്കാൻ ഡോ. ജോൺസൺ കെ.വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചതുകൊണ്ടാണു മർദിച്ചെന്ന പരാതി നൽകിയതെന്നും യുവനടി മൊഴി നൽകി. ഇന്നലെ കസ്റ്റഡിയിൽ വിട്ടശേഷം നടന്ന ചോദ്യം ചെയ്യലിലാണു നടി ഇക്കാര്യങ്ങൾ പൊലീസിനോടു വ്യക്തമാക്കിയത്. ഡോക്ടറിൽനിന്നു പിടിച്ചെടുത്ത ഫോൺ തിരികെ നൽകാതിരുന്നതു തെളിവുകൾ നശിപ്പിക്കാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പൊലീസിനു കൈമാറുകയായിരുന്നു ലക്ഷ്യമെന്നും നടി അതുല്യ ചന്ദ്ര മൊഴി നൽകിയെന്നു പൊലീസ് പറഞ്ഞു.

ഈ കേസിൽ യുവനടിയെയും മറ്റു പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി.വിഷ്ണു എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ വിട്ടത്. പൊന്നുരുന്നിയിൽ ഡോക്ടറെ മർദിച്ച ഫ്ലാറ്റിൽ ഇന്ന് പ്രതികളെയെത്തിച്ചു തെളിവെടുപ്പു നടത്തും. ഈ മാസം നാലിനാണ് തനിക്കു മർദനമേറ്റെന്നു കാട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ജോൺസൺ വർഗീസ് കടവന്ത്ര പൊലീസിൽ പരാതിപ്പെടുന്നത്. ബന്ധുവിനെ പീഡിപ്പിച്ചെന്നു ഭീഷണിപ്പെടുത്തി ഫോണുകളും മറ്റും തട്ടിയെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ അതുല്യ ചന്ദ്രയും മറ്റുള്ളവരും പൊലീസ് പിടിയിലായി. എന്നാൽ ഇതിന്റെ പിറ്റേന്നു നടിയുടെ ബന്ധു ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. ഒക്ടോബർ 10 ന് താൻ ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പരാതി. ഒപ്പം നടിയും കൂട്ടരും പിടിച്ചെടുത്ത ഡോക്ടറുടെ ഫോണുകളും കൈമാറി.

ഈ കേസ് വന്നതോടെ ഡോ.ജോൺസൺ ഒളിവിൽപ്പോയി. കേസെടുത്തതിനു ഡോക്ടർ ജോൺസണെ കണ്ടെത്താൻ പൊലീസ് തുടർന്ന് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. പിടിച്ചെടുത്ത ഡോക്ടറുടെ ഫോണിൽ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ്, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്നും താൻ നൽകിയ പരാതിയെ പ്രതിരോധിക്കാൻ വേണ്ടി പിന്നീട് ഉണ്ടാക്കിയതാണ് ഇതെന്നുമാണ് ഡോക്ടറുടെ വാദം. ഒക്ടോബർ 10 ന് പീഡനം നടന്നുവെന്നു പറയുന്ന സംഭവത്തിൽ നവംബർ 4 ന് ശേഷമാണ് പരാതി നൽകിയതെന്നും ഇതിൽ അസ്വാഭാവികമായ കാലതാമസമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുല്യ ഉൾപ്പെടെയുള്ള പ്രതികൾ തന്നെ ആക്രമിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ ആരോപണം. ഈ ഹർജി ഇന്ന് പരിഗണിച്ചേക്കും.

Continue Reading