Crime
നടി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി നൽകിയ ഡോക്ടറുടെ ഫോണിലുള്ളത് പന്ത്രണ്ടിലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ.
നടി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി നൽകിയ ഡോക്ടറുടെ ഫോണിലുള്ളത് പന്ത്രണ്ടിലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ.
കൊച്ചി : നടി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി നൽകിയ ഡോക്ടറുടെ ഫോണിലുള്ളത് പന്ത്രണ്ടിലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ. ഇതിൽ ആരെയെങ്കിലും ഇയാൾ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നടിയും കൂട്ടരും ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് ഇതിലെ വിവരങ്ങൾ പുറത്തുപോകുമോ എന്ന ഭയത്താലാണ് ഡോ. ജോൺസൺ കെ.വർഗീസ് പൊലീസിൽ പരാതിപ്പെടാൻ തയാറായത് എന്നാണ് വിവരം. ഡോക്ടറുടെ അതിക്രമത്തിന് ഇരയായ നടിയുടെ ബന്ധു തന്നെയാണ് പിടിച്ചെടുത്ത ഫോൺ പൊലീസിന് കൈമാറിയത്. അതിനിടെ, ഒളിവിൽ പോയ ഡോ. ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇൻഫോപാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത നടിയുടെയും കൂട്ടരുടേയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകരുതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സുഹൃത്തുമൊത്ത് ഡോ. ജോൺസൺ പൊന്നുന്നിയിലെ ഫ്ലാറ്റിലെത്തുന്നത്. ജോൺസണെ ഇവിടെയിറക്കിയ ശേഷം സുഹൃത്ത് തിരികെ പോയി. തന്റെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് നടി വിളിച്ചതിനെ തുടർന്നാണ് അവിടെ പോയത് എന്നാണ് ജോൺസൺ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് അവിടെയെത്തിയപ്പോൾ ബന്ധുവിന് ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് തന്നെ മർദിക്കുകയും മൂന്നേ കാൽ ലക്ഷം രൂപയുടെ ഫോൺ അടക്കം പിടിച്ചുപറിച്ചെന്നുമായിരുന്നു ജോൺസൺ കടവന്ത്ര പൊലീസിന് നൽകിയ പരാതി. തുടർന്ന് പൊലീസ് നടിയുടെ ബന്ധുവിനെ ബന്ധപ്പെട്ടപ്പോഴാണ് സംഭവങ്ങളുടെ മറ്റൊരു വശം തെളിഞ്ഞുവന്നത്.
ഒക്ടോബർ ആദ്യമായിരുന്നു നടിയുടെ ബന്ധു പീഡിപ്പിക്കപ്പെട്ടത്. കുടുംബ ഡോക്ടർ കൂടിയായ ഡോ. ജോൺസൺ സൗഹൃദം മുതലെടുത്ത് മദ്യം നൽകി അവശയാക്കി ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന പരാതി. ഡോ. ജോൺസൺ തന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന ഭയവും ഉത്കണ്ഠയും മൂലമാണ് പരാതി നൽകാൻ വൈകിയത് എന്നും ഇവര് പറയുന്നു. ഇതിനിടെ കുടുംബത്തിലെ മറ്റൊരംഗം വഴി നടി ഇക്കാര്യങ്ങളറിഞ്ഞു. ഇതോടെയാണ് നടി ഇയാളെ ബന്ധപ്പെടുന്നത് എന്നാണ് വിവരം. ഡോക്ടർ തന്റെ ബന്ധുവിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. ഇതിനായി സുഹൃത്തുക്കൾ കൂടിയായ നടനെയും അദ്ദേഹത്തിന്റെ സഹായികളേയും വിളിച്ചുകൂട്ടി. തുടർന്ന് മുറിയിലെത്തിയ ഡോക്ടർക്ക് കാര്യമായ മർദനം ഏൽക്കുകയും ചെയ്തു.
ഡോക്ടറിൽ ഫോണുകൾ പിടിച്ചുവാങ്ങിയ സംഘം ഇതിൽ ബന്ധുവിന്റെ ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു. രാത്രി 10.30ഓടെയാണ് സ്ഥലത്തു നിന്ന് പോകാൻ സംഘം അനുവദിച്ചത്. എന്നാൽ നടിയും സംഘവും ഡോക്ടറിൽ നിന്ന് പണം ആവശ്യപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ബുധനാഴ്ചയാണ് ഡോ. ജോൺസൺ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് നടിയേയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് തന്റെ ബന്ധുവിന് നേർക്കുണ്ടായ അതിക്രമം നടി പൊലീസിനോട് വെളിപ്പെടുത്തുന്നത്. തുടർന്ന് പൊലീസ് ബന്ധുവിനെ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചു.
നടിയും കൂട്ടരും റിമാൻഡിലായതോടെ ബന്ധു വെള്ളിയാഴ്ച പരാതി നൽകുകയായിരുന്നു. അതിക്രമം നടന്നത് ഇൻഫോപാർക്കിനടത്തുള്ള ഹോട്ടലിൽ ആയതിനാലാണ് ഇവിടെ പരാതി നൽകിയത്. ജോൺസണിൽ നടിയും കൂട്ടരും നിന്ന് പിടിച്ചെടുത്ത ഫോണുകളും പൊലീസിന് നൽകി. എന്നാൽ പിടിച്ചെടുത്തു എന്നല്ല, ഡോക്ടർ ഫോൺ നൽകി എന്നാണ് പൊലീസിനെ അറിയിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് 12ഓളം സ്ത്രീകളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഡോ. ജോൺസൺ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തുന്നത്. അതേ സമയം, ഇതിൽ ആരെങ്കിലും പരാതിപ്പെട്ടാൽ മാത്രമേ തങ്ങൾക്ക് കേസെടുക്കാൻ സാധിക്കൂ എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നടിയുടെ ബന്ധു പരാതി നൽകിയതിനു പിന്നാലെ ഡോ. ജോൺസൺ ഒളിവിൽ പോയി എന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
