Connect with us

KERALA

ചൂരൽമല  ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ ശ്രുതി പുതുജീവിതത്തിലേക്ക്

Published

on

ഗുരുവായൂർ: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ ശ്രുതി പുതുജീവിതത്തിലേക്ക്. ശ്രുതിയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കാലത്ത് നടന്നു. മാനന്തവാടി സ്വദേശിയും വയനാട് കലക്ട്രേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ് ശ്രുതിക്ക് താലിചാർത്തിയത്. പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ മുൻമന്ത്രി കെ.രാജനുമുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ‘‘ഈ നിമിഷത്തിൽ വളരെ സന്തോഷമുണ്ട്. എല്ലാമറിഞ്ഞും എന്റെ കൈ പിടിച്ചയാളാണ്. മുന്നോട്ടും സന്തോഷമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു’’ എന്നാണ് ശ്രുതി വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞത്.

ഒന്നിനുപിറകേ ഒന്നായി ദുരന്തം പിന്തുടർന്ന ജീവിതമായിരുന്നു ശ്രുതിയുടേത്. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപതു പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വീടും നഷ്ടമായിരുന്നു. പ്രിയപ്പെട്ടവരെല്ലാം നഷ്ടമായപ്പോൾ തകർന്നുപോയ ശ്രുതിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസനും ഒരു വാഹനാപകടത്തിൽ മരിച്ചു. ആ അപകടത്തിൽ ശ്രുതിയുടെ കാലുകൾക്കും പരുക്കേറ്റിരുന്നു. പിന്നീട് ഒരു ജോലിക്കായുള്ള പോരാട്ടമായിരുന്നു. തുടർന്ന് കലക്ടറേറ്റിൽ റവന്യു വകുപ്പിലെ പൊതുജന പരാതി വിഭാഗത്തിൽ (പിജി സെൽ) ക്ലാർക്കായി നിയമനം ലഭിച്ചു.

Continue Reading