Crime
ജ്ഞാനേഷ് കുമാറിനെതിരായ രണ്ട് കോടി രൂപയുടെ കോഴ ആരോപണത്തിൽ പരിശോധന നടത്താൻ വിജിലൻസിന് നിർദേശം
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ മുൻ കരാറുകാരൻ ഉന്നയിച്ച രണ്ട് കോടി രൂപയുടെ കോഴ ആരോപണത്തിൽ പരിശോധന നടത്താൻ വിജിലൻസിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിന് (കെഎസ്ടിപി) കീഴിൽ നടത്തിയ റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് ആരോപണം.
അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ജ്ഞാനേഷ് കുമാർ പ്രവൃത്തി പൂർത്തിയാക്കിയതിന്‍റെ ബില്ലുകൾ മാറി നൽകാൻ രണ്ട് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് കൊല്ലം ചടയമംഗലം സ്വദേശിയായ കരാറുകാരൻ സജന്‍റെ പരാതി. 17 കോടി രൂപയോളം വരുന്ന ബില്ലുകൾ എൻജിനീയർമാർ അംഗീകരിച്ചിട്ടും ചെക്കുകൾ തടഞ്ഞുവച്ചതായും പരാതിയിൽ പറയുന്നു. ഇതുമൂലം മലേഷ്യൻ കമ്പനിയായ പാറ്റി-ബെല്ലിനും കരാറുകാർക്കും തൊഴിലാളികൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും സജൻ ആരോപിച്ചു.
കമ്പനിയുടെ പ്രോജക്റ്റ് എൻജിനീയറായിരുന്ന മലേഷ്യൻ പൗരൻ ലീ സീ ബീൻ, കോഴ നൽകാതെ ചെക്കുകൾ അനുവദിക്കില്ലെന്ന് ജ്ഞാനേഷ് കുമാർ അറിയിച്ചതായി തന്നോട് പറഞ്ഞിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. കോഴ നൽകി പ്രശ്നം പരിഹരിക്കാൻ നിർദേശിച്ചപ്പോൾ കമ്പനിയുടെ അധികൃതർ അതിന് അനുമതി നൽകിയില്ലെന്നും സജൻ പറഞ്ഞു. തുടർന്ന് ബെംഗളൂരുവിലെ മറ്റൊരു കമ്പനി പദ്ധതിയിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് കരാറുകാർക്കും തൊഴിലാളികൾക്കും നൽകാനുള്ള കുടിശികയുടെ ഒരു ഭാഗം ലീ തീർപ്പാക്കിയതെന്നും പരാതിയിൽ പറയുന്നു.
ബില്ലുകൾ വൈകിപ്പിച്ചതും കോഴ ആവശ്യപ്പെട്ടതുമാണ് 2006-ൽ ലീ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നും സജൻ ആരോപിച്ചു. ജ്ഞാനേഷ് കുമാറിന്‍റെ പങ്ക് ലീ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നതായും മലേഷ്യയിലുള്ള കുടുംബാംഗങ്ങൾ കമ്പനിയിലെ ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരുന്നതായും പരാതിക്കാരൻ അവകാശപ്പെട്ടു
