Business
മെസിയുടെ പേരിലെ തട്ടിപ്പ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് ഇ ഡി :കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് കേസ്
കൊച്ചി: മെസിയുടെ പേരിലെ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ നടക്കാനും ആന്റോ അഗസ്റ്റിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനും സാധ്യതയുണ്ട്. നേരത്തെ റെയ്ഡ് നടത്തിയ സമയത്തു തന്നെ ഇ ഡി ഈ വിഷയത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.
രണ്ടാഴ്ച മുമ്പ് കേസെടുക്കാന്‍ ഇ ഡിക്ക് അനുമതി ലഭിക്കുകയും ചെയ്തിരുന്നു.. വിശ്വാസവഞ്ചന നടത്തിയെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും സംശയിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഒപ്പം കലൂര്‍ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും. സാധാരണ ഗതിയില്‍ സ്റ്റേഡിയം കൈമാറാന്‍ അഞ്ച് കോടി രൂപയാണ് നല്‍കേണ്ടി വരിക.
എന്നാല്‍, ഇത്രയും പണം നല്‍കാതെയാണ് സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കൈമാറിയത്. ഇതിലും ഇ ഡി വിശദമായ അന്വേഷണം നടത്തും.മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മെസിയെ കേരളത്തിലെത്തിക്കാന്‍ നീക്കം നടന്നത്. ഈ നീക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുണ്ടായെന്ന കായിക വകുപ്പ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐടിയും രൂപീകരിച്ചിരുന്നു. കളമശേരി പൊലീസ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയുമാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
