Business
പിണറായിക്ക് ഇന്ന് നിർണ്ണായകം : ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല
കൊച്ചി: സി.എം.ആർ.എൽ – എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. വിജിലൻസ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക ബെഞ്ചാണ് പിണറായിയുടെ ഹർജി പരിഗണിക്കുന്നത്. ടി. വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവർ നൽകിയ ഹർജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
അതിനിടെ മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ
വെള്ളിയാഴ്ച പിണറായി വിജയൻ ഹാജരാകില്ല. പിണറായിയോട് നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. ഹാജരാകില്ലെന്ന് ഇഡിയെ അറിയിക്കും. നിയമസഭ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതലകളും കാരണമായി ചൂണ്ടിക്കാട്ടും. 29വരെയാണ് നിലവിൽ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാനസമിതിയോഗവും നാളെ മുതൽ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്. സുപ്രീംകോടതിയിലെ അപ്പീലിൽ വിധി വരുന്നത് വരെയും നിലവിലുള്ള നിയമനടപടികളുടേയും അടിസ്ഥാനത്തിൽ ഹാജരാകേണ്ടതില്ലെന്ന ഉപദേശം അഭിഭാഷകരും പിണറായിക്ക് നൽകിയായാണ് അറിയുന്നത്. നോട്ടീസ് വീടിൻ്റെ ചുമരിൽ പതിപ്പിച്ച് പോയ ഇഡിയുടെ നടപടിക്കെതിരെ സിപിഎം നേതാക്കൾ രംഗത്ത് വന്നിരുന്നു. വീട്ടിൽ പതിച്ച നോട്ടീസിൽ കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍. ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍. സ്വത്തുവിവരങ്ങളും പാസ്‌പോര്‍ട്ട് രേഖകളും. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ എത്തിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
