KERALA
പത് മജക്ക് പിന്നാലെ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. ഇന്ന് രാജി കത്ത് നൽകും
പത് മജക്ക് പിന്നാലെ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. ഇന്ന് രാജി കത്ത് നൽകും
തിരുവനന്തപുരം: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. 2024-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ പദ്മിനി, ബി.ജെ.പി. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
ബി.ജെ.പി.യിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ വിഷമമുണ്ടെന്നും പദ്മിനി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായികരംഗത്തോടുള്ള താത്പര്യം കണ്ടാണ് ബിജെപിയിൽ ചേർന്നതെങ്കിലും കായികരംഗത്തിന് വേണ്ടി ഒന്നുംചെയ്യാൻ പാർട്ടിയിൽ തനിക്ക് അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
ബി.ജെ.പി.യിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ബി.ജെ.പി. വിടാനുള്ള തീരുമാനം. തന്റെ കായികരംഗത്തെ അറിവും അനുഭവസമ്പത്തും സംസ്ഥാന-ദേശീയ തലങ്ങളിൽ പ്രയോജനപ്പെടുത്താമെന്ന ബി.ജെ.പി. നേതൃത്വത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അഞ്ചുവർഷം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി പ്രവർത്തിച്ച പരിചയസമ്പത്തുണ്ടായിട്ടും പാർട്ടി അത് ഉപയോഗപ്പെടുത്തിയില്ലെന്നും പദ്മിനി പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽപോലും തനിക്ക് പ്രാതിനിധ്യം നൽകിയില്ല. പല പാർട്ടി യോഗങ്ങളിൽനിന്നും തന്നെ ഒഴിവാക്കി. പാർട്ടിവിടുന്ന കാര്യം ബി.ജെ.പി. നേതാക്കളെ മുൻകൂട്ടി അറിയിച്ചില്ലെന്നും തന്നോട് ഒരു കൂടിയാലോചനകളും നടത്താത്ത പാർട്ടിയോട് അത് പറയേണ്ടതില്ലെന്നും അവർ പറഞ്ഞു.
പത്മജ വേണുഗോപാലിന്റെ രാജിയല്ല തന്റെ തീരുമാനത്തിന് പ്രേരണയായത്. കഴിഞ്ഞ ഒരുവർഷത്തോളമായി പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നെന്നും പദ്മിനി പറഞ്ഞു. 2024-ലാണ് പദ്മിനി കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയത്
