Connect with us

Crime

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന.

Published

on

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം. നാലു ജില്ലകളിലുമായി ആകെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നത്.

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അടുത്തകാലത്തായി നടന്ന സ്വർണക്കടത്തു കേസുകൾ, അതിനു പിന്നിൽ പ്രവർത്തിച്ചവർക്കു ലഭിച്ച സാമ്പത്തിക സഹായങ്ങൾ, അനധികൃത ഹവാല ഏജൻസികളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ഒരു മാസത്തോളമായി നടത്തിവന്ന രഹസ്യാന്വേഷണത്തിന് ഒടുവിലാണ് കൊച്ചി ഇ.ഡി ഓഫിസിന്റെയും കോഴിക്കോട് സബ്–സോണൽ ഓഫിസിന്റെയും നേതൃത്വത്തിലുള്ള വിവിധ സംഘങ്ങള്‍ ഒരേ സമയം റെയ്ഡിനായെത്തിയത്. കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെയും ഹവാല ഏജന്റുമാരും കുറച്ചു കാലമായി ഇ.ഡിയുടെ നിരീക്ഷണത്തിലായിരുന്നു.

കാസർകോട് തളങ്കരയുള്ള സ്വർണവ്യാപാരിയുടെ വീട്ടിൽ രാവിലെ അഞ്ചു മണിയോടെയാണ് ഇ.ഡി സംഘം എത്തി പരിശോധന ആരംഭിച്ചത്. വിദേശത്തു സ്വർണ വ്യാപാരം നടത്തുന്ന ഇദ്ദേഹം മാസത്തിൽ രണ്ടോ മൂന്നോ തവണ വിദേശ യാത്രകൾ നടത്തുന്ന ആളാണെന്നും പറയപ്പെടുന്നു. കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്. കൊയിലാണ്ടിയിലും കുന്ദമംഗലത്തുമായാണ് പരിശോധന പുരോഗമിക്കുന്നത്. ഇതിൽ കൊയിലാണ്ടിയിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടിലാണ് ഇ.ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. ഇ.ഡിക്ക് വിലാസം മാറിപ്പോയതാകാൻ സാധ്യതയുണ്ടെന്നാണു നാട്ടുകാർ ഇക്കാര്യത്തിൽ പറയുന്നത്.

വിദേശത്ത് ബിസിനസ് ചെയ്യുന്ന കുന്ദമംഗലത്തെ വ്യവസായിയുടെ വീട്ടിൽ ഏഴു മണിയോടെ റെയ്ഡ് ആരംഭിച്ചു. കണ്ണൂരിൽ ഇരുവേരിയിലെ ഒരു വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരും സിആർപിഎഫ് സംഘവും രാവിലെ ആറരയോടെ എത്തിെയങ്കിലും ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ മാതാവിന്റെ വീടാണിതെന്നും ബന്ധുക്കളാണ് മുൻപ് ഇവിടെ താമസിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ മൂന്നിടങ്ങളിലും ഇ.ഡി പരിശോധന നടക്കുന്നതായാണ് വിവരം.

Continue Reading