Business
സ്വർണവിലയിൽ വൻ ഇടിവ്.ഇന്ന് പവന് ഒറ്റയടിക്ക് 2,040 രൂപ കുറഞ്ഞു
കൊച്ചി: സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. 2025 ഡിസംബർ ആദ്യവാരത്തിലെ വില നിലവാരത്തിലേക്ക് വിപണി കൂപ്പുകുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 97,720 രൂപയും ഗ്രാമിന് 12,215 രൂപയുമാണ് ഇന്നത്തെ വില. 2025 ഡിസംബർ 12ന് 97680 രൂപയായിരുന്നു പവൻ വില.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 61.02 ഡോളർ ഇടിഞ്ഞു. 3,788.64 ഡോളറാണ് വില. 1.59 ശതമാനമാണ് ഇടിവ്.
ഈ വർഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്ന സ്വർണത്തിന് 10 മാസം കൊണ്ട് 33,440 രൂപയാണ് കുറഞ്ഞത്. വെള്ളിവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 185 രൂപയാണ് വില.
ഇന്നലെയാണ് സ്വർണം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരുലക്ഷത്തിന് താഴേക്ക് പതിച്ചത്. 99,760 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 12470 രൂപയായും കുറഞ്ഞു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്.
