Gulf
റാസൽഖൈമ ബസ്സപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞ മലയാളികൾ. ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നനേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ഇതോടെ ആറ് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 26 വയസ്സുകാരിയായ സങ്കീർത്ത, പുതിയ ജോലിയിൽ പ്രവേശിക്കാനായി ഒമാനിൽ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദുബായിലാണ് താമസിച്ചിരുന്നത്.
അപകടത്തിൽ മരിച്ച 13 പേരിൽ, മറ്റുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്.
റാസൽഖൈമയിലെ അൽ വത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. 41 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു.
