Connect with us

Gulf

ഖത്തർ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തിൽ മരിച്ചവരിൽ നാദാപുരം സിദേശിയും

Published

on

ഖത്തർ : ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. അപകടത്തിൽ അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്.

66 പേർക്കു പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ സ്ഫോടനം. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം.
എന്നാൽ, സ്ഫോടനം പ്രകൃതി വാതക ഉൽപാദനത്തെ ബാധിക്കില്ലെന്നു ഖത്തർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. 4 ടാങ്കറുകൾ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ റാസ് ലഫാനിൽ നിന്ന് ഉൽപാദനം പുനരാരംഭിക്കുമെന്നു കഴിഞ്ഞ ആഴ്ചയാണ് ഖത്തർ പ്രഖ്യാപിച്ചത്. ഒരു മാസം കൊണ്ട് 50 ശതമാനവും രണ്ടു മാസത്തിനുള്ളിൽ 80 ശതമാനവും പുനരാരംഭിക്കാനായിരുന്നു പദ്ധതി. കടുത്ത ഇന്ധന – ഊർജ ക്ഷാമം നേരിടുന്ന ലോകരാജ്യങ്ങൾക്ക് ഖത്തറിന്റെ പ്രഖ്യാപനം വലിയ ആശ്വാസമായിരുന്നു. റാസ് ലഫാൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇന്ധന വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിച്ചിരിക്കെയാണു ദുരന്തം.

Continue Reading