KERALA
ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ ദുരൂഹ നീക്കാൻ ഇന്ന് തുറക്കും
ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ ദുരൂഹ നീക്കാൻ ഇന്ന് തുറക്കും
കണ്ണൂർ : ഇരിട്ടിഅയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പെതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടതിൽ ബുധനാഴ്ച്ച കല്ലറ തുറന്ന് സംശയ നിവാരണം വരുത്തും. തലശ്ശേരി ആർ ഡി ഒ കോടതി ഇതിനുള്ള അനുമതി പോലീസിന് നല്കി. കഴിഞ്ഞ ദിവസം റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി കെ.ഇ. പ്രേമചന്ദ്രൻ,പേരാവൂർ ഡിവൈ എസ് പി മോഹനചന്ദ്രൻ കരിക്കോട്ടക്കരി സിഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരം ആണോയെന്ന് ഉറപ്പുവരുത്തണമെന്ന് കാണിച്ച് കരിക്കോട്ടക്കരി പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതിന്റെ ഭാഗമായാണ് കരിക്കോട്ടക്കരി സി ഐ എൻ.പ്രശാന്ത് ചൊവ്വാഴ്ച്ച കല്ലറ തുറക്കാനുള്ള അനുമതി തേടി തലശേരി ആർ ഡി ഒ കോടതിയിൽ അപേക്ഷ നൽകിയത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തിലായിരിക്കും ബുധനാഴ്ച്ച രാവിലെ കല്ലറ തുറക്കുകയെന്ന് പോലീസ് അറിയിച്ചു. കല്ലറയിൽ കണ്ടെത്തുന്ന വസ്തുവിൽ അസ്വാഭാവികത തോന്നിയാൽ ശാസ്ത്രീയ അന്വേഷണത്തിനുള്ള സാമ്പിളുകളും അവിടെ നിന്നുതന്നെ ശേഖരിക്കും. ഇരിട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവരുടെ സന്നിധ്യവും ഉണ്ടാകും.
വാണിയപ്പാറയിൽ വെച്ച് കാണാതായി എന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയുടെ ബന്ധുക്കൾ ഉൾപ്പടെ കല്ലറയിലെ മൃതദേഹത്തിൽ സംശയം ഉന്നയിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിയിരുന്നു. കല്ലറയിൽ 2015 ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ പള്ളിയിൽ എത്തി ഇടവക വികാരിയോട് സംസ്‌ക്കാര സമയത്ത് നടന്ന കാര്യങ്ങൾ വിശദീകരിച്ചിരുന്നു. 2006ലും കല്ലറയിൽ സംസ്‌ക്കാരം നടത്തിയിരുന്നെന്നും ജയിംസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണി വിരിച്ചതായും പെട്ടിയിലാണ് സംസ്‌കരിച്ചത് എന്നുമാണ് ബന്ധുക്കൾ പറയുന്നത് . സംസ്‌കാര സമയത്ത് മറ്റ് മൃതദേഹങ്ങൾ ഒന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെയാണ് കല്ലറയിൽ കണ്ടെത്തിയ മൃതദേഹം പോലെ തോന്നിക്കുന്ന മൂന്നാമത്തെ വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരിയും ജനങ്ങളും ഒരുപോലെ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം സെമിത്തേരിയിലെ 38 നമ്പർ കല്ലറ തുറന്നപ്പോൾ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം എന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കണ്ടെത്തിയതാണ് ദുരൂഹത ഉണ്ടാക്കിയത്.
