Connect with us

Business

മെസ്സിയെ കേരളത്തിലെത്തിക്കാൻ റിപ്പോർട്ടർ ചാനലിനെ സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതരമായ വീഴ്ചകൾ

Published

on

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സ്പോർട്സ് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തിരഞ്ഞെടുത്തതിൽ ഗൗരവമായ ക്രമക്കേടുകൾ നടന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

സാധാരണ നിലയിൽ വലിയ പദ്ധതികൾക്ക് സ്പോൺസറെ കണ്ടെത്തേണ്ടത് പരസ്യം നൽകി ഓപ്പൺ ടെൻഡറിലൂടെയായിരിക്കണം. എന്നാൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ടെൻഡർ നടപടികളും ഉണ്ടായില്ല. സ്പോൺസറായ കമ്പനിയുടെ പശ്ചാത്തല പരിശോധന നടത്താനും സർക്കാർ തയ്യാറായില്ല. സ്പോൺസറെ കണ്ടെത്തുന്നതിൽ ചിലരുടെ താല്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്

വിദേശത്തേക്ക് ഡോളർ കടത്താനുള്ള ഒരു തിരക്കഥയായിരുന്നു ഈ പദ്ധതിയെന്ന് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. പണം കൈമാറാൻ വിദേശത്തുള്ള ഒരു കളക്ഷൻ ഏജന്റിനെയാണ് ഏർപ്പാടാക്കിയിരുന്നത്. ഈ ഏജന്റിനെക്കുറിച്ചും യാതൊരു പരിശോധനയും നടന്നിട്ടില്ല.

സർക്കാർ ഉത്തരവുകളിൽ സ്വകാര്യ കമ്പനി ഇടപെട്ട് ഭേദഗതി വരുത്തിയെന്ന ഗൗരവകരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ആദ്യം മത്സരം നടത്താനായി നൽകിയ അനുമതിപത്രം, പിന്നീട് സ്പോൺസറാകാനുള്ള അനുമതിയായി തിരുത്തുകയായിരുന്നു. ഇത് അസാധാരണമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, മത്സരത്തിനുള്ള അനുമതി തേടുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും രേഖകൾ സഹിതം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ധനകാര്യ വകുപ്പിന്റെ ഇടപെടലുകളും അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലാണ്. സ്പോൺസറെക്കുറിച്ചുള്ള പ്രാഥമികമായ പരിശോധനകൾ പോലും ധനവകുപ്പ് നടത്തിയിട്ടില്ല. നിലവിൽ സ്പെഷ്യൽ സെക്രട്ടറിയുടെ ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. നിയമങ്ങൾ പാലിക്കാതെ ഒരു സ്വകാര്യ കമ്പനിക്ക് ഇത്ര വലിയ പദ്ധതി കൈമാറിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുമെന്നാണ് വിവരം

Continue Reading