Connect with us

Crime

കർത്തയുടെ ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ തൽക്കാലം മുതിരേണ്ടതില്ലെന്ന നിലപാടിൽ ബി.ജെ.പി

Published

on

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ വലിയ രാഷ്ട്രീയ ആയുധമാക്കാൻ തൽക്കാലം മുതിരേണ്ടതില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി നേതൃത്വം. പ്രമുഖ നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്ന ഷോണിന്റെ അവകാശവാദം രാഷ്ട്രീയമായി തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇതോടെ പുതിയ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുന്നതിൽ നിന്ന് പാർട്ടി തൽക്കാലം പിന്മാറി.

ഷോൺ ജോർജിന്റെ നടപടിയെ പരസ്യമായി തള്ളപ്പറയാൻ തയ്യാറാകാതിരിക്കുമ്പോഴും, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ലക്ഷ്യമിട്ട് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ നീക്കം. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലെ പരാമർശങ്ങളിലാണ് ബി.ജെ.പി പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. മുഖ്യമന്ത്രിയേയും മകൾ വീണ വിജയനെയും മാത്രം കേന്ദ്രീകരിച്ച് ആക്രമണം കടുപ്പിക്കാനാണ് നിലവിലെ തീരുമാനം. ഷോൺ ജോർജ് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടിൽ പാർട്ടി വൃത്തങ്ങൾ കടുത്ത അമർഷത്തിലാണ്. വാർത്താ സമ്മേളനത്തിലൂടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടതോടെ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് തലയൂരാനാണ് ഇ.ഡി കത്തിനെ മാത്രം മുൻനിർത്തിയുള്ള പ്രതിരോധ നീക്കങ്ങളിലേക്ക് ബി.ജെ.പി ചുവടുമാറ്റുന്നത്. ശശിധരൻ കർത്തയുടെ ഡയറിയിലെ യുഡിഎഫ് – എൽഡിഎഫ് നേതാക്കളുടെ പേരുകളാണ് ഷോൺ പുറത്തുവിട്ടത്. പിന്നാലെ ഷോൺ പുറത്തുവിടാതിരുന്ന ഡയറിയിലെ ബിജെപി നേതാക്കളുടെ പേരുകളും പുറത്തുവന്നതാണ് പാർട്ടി നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചത്.

Continue Reading