Connect with us

NATIONAL

ഗ്യാനേഷ് കുമാറിന്റെ രാജിക്കായ് എൻ.ഡി.എ സഖ്യകക്ഷികളും :ഗ്യാനേഷിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോടതിയിൽ ഹരജി

Published

on

ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷികളും രംഗത്തെത്തിയതോടെ കുരുക്ക് മുറുകി. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), ലോക് ജൻശക്തി പാ‌ർട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) എന്നീ പാ‌ർട്ടികളാണ് പരസ്യമായി രംഗത്തെത്തിയത്.

സത്യം വിശദീകരിക്കേണ്ടത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവാദിത്വമാണെന്ന് ലോക് ജൻശക്തി പാ‌ർട്ടി (രാംവിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വോട്ടുകൊള്ള അടക്കമുള്ള ആരോപണങ്ങൾ ബി.ജെ.പി തള്ളുമ്പോഴാണ് ഘടകകക്ഷികൾ വിരുദ്ധ നിലപാടെടുത്തത്.
ഗ്യാനേഷിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും ഇടതു വിദ്യാർത്ഥി സംഘടനകളും അടക്കം ഇന്നലെ രാജ്യവ്യാപകമായി തെരുവിലിറങ്ങി. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനങ്ങൾക്ക് മുന്നിലേക്ക് മാർച്ച് നടത്തി. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് സമീപവും ജന്തർ മന്ദറിലും ബി.ജെ.പി ദേശീയ ആസ്ഥാനത്തിന് തൊട്ടടുത്തും പ്രതിഷേധമിരമ്പി.

തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പങ്കെടുത്ത സി.പി.എം രാജ്യസഭാ എം.പിമാരായ വി.ശിവദാസൻ,​ എ.എ.റഹിം എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. ഗ്യാനേഷ് കുമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന മീററ്റിലെയും വാരാണസിയിലെയും ജെൻസി സംവാദം റദ്ദാക്കി. കമ്മിഷൻ ഓഫീസിനും ഗ്യാനേഷിന്റെ വസതിക്കും സുരക്ഷ വ‌ർദ്ധിപ്പിച്ചു. ഗ്യാനേഷിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും,എസ്.ഐ.ആർ പ്രക്രിയയിൽ വോട്ടർമാരെ നീക്കിയതിൽ എസ്.ഐ.ടി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി.

Continue Reading