NATIONAL
സിജെപിക്ക് പിൻ തുണയുമായ് ശിവസേന
മുംബൈ: കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ വിമർശിച്ച് ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ. നിലവിലെ ഭരണകൂടവും രാജ്യസ്നേഹികളായ യുവ ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടം ജനാധിപത്യം വീണ്ടെടുക്കുന്നതുവരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കൾ ദേശീയ പതാക ഉയർത്തുന്നത് എപ്പോഴാണ് കുറ്റകൃത്യമായതെന്ന് ആദിത്യ താക്കറെ എക്സിലെ കുറിപ്പിൽ ചോദിച്ചു. ”സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യം തിരിച്ചുപിടിക്കുന്നതുവരെ ഭരണകൂടവും രാജ്യസ്നേഹികളായ യുവ ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടം തുടരും”- ആദിത്യ താക്കറെ കുറിച്ചു.
ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ പതാക വീശുന്നത് കുറ്റമല്ലെന്നും അതിന്റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും അത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയാണ് സമാധാന വ്യവസ്ഥകൾ ലംഘിച്ചതിനും പ്രതിഷേധങ്ങൾക്ക് അനുമതിയില്ലാത്തതായി പ്രഖ്യാപിച്ച ജന്തർ മന്തർ മേഖലയിൽ അതിക്രമിച്ചു കയറിയതിനും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച ഇവരെ ഡൽഹിയിലെ തിഹാർ ജയിലിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാരിക്കേഡുകൾ മറികടന്ന് അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും അവിടെ ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തെന്നാണ് ആരോപണം.
