Business
ആൻ്റോയ്ക്ക് കുരുക്കി മുറുക്കാൻ ഇ ഡി യും. സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റ് ഉടൻ
കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിച്ചു. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങൾ ശേഖരിച്ച ഇഡി, നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി. എം എൽ എ നടപടികൾക്ക് ഒരുങ്ങുകയാണ്.
നേരത്തെ വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് കേസ് എടുത്തിരുന്നെങ്കിലും, വഞ്ചനാക്കുറ്റം നിലനിൽക്കുന്നതിനാൽ കൂടുതൽ ഗൗരവകരമായ അന്വേഷണമാണ് ഇനി നടക്കുക. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലെ വിവരങ്ങളും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ വിശദാംശങ്ങളും, പോലീസ് നടത്തിയ വിപുലമായ റെയ്ഡിൽ പിടിച്ചെടുത്ത വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. പോലീസോ മറ്റ് ഏജൻസികളോ എടുത്ത കേസിന്റെ (പ്രെഡിക്കേറ്റീവ് ഒഫൻസ്) തുടർച്ചയായി മാത്രമേ പി.എം.എൽ.എ കേസ് എടുക്കാൻ സാധിക്കൂ എന്നതിനാലാണ് ഇഡി എഫ്‌ഐആർ വിവരങ്ങൾ ശേഖരിച്ചത്.
കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനൽ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വഞ്ചനാകുറ്റത്തിനാണ് എസ്‌ഐടി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശനമായ നീക്കങ്ങൾ ഈ കേസിൽ ഉണ്ടായേക്കാം.
നേരത്തെ, വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (FEMA) കേസ് എടുത്തിരുന്നു. എന്നാൽ, അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നതും വിപുലമായ അന്വേഷണ പരിധിയുള്ളതുമായ പി.എം.എൽ.എ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇഡിയുടെ നീക്കം കൂടുതൽ ശക്തമാകും. ഇഡി ഇന്റലിജൻസിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം വരുംദിവസങ്ങളിൽ കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യും.
