KERALA
മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി മുൻ എംഎൽഎയുമായ ജോസ് കുറ്റിയാനി അന്തരിച്ചു.
ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി മുൻ എംഎൽഎയുമായ ജോസ് കുറ്റിയാനി അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 11ഓടെയായിരുന്നു അന്ത്യം. 87 വയസായിരുന്നു. 1980ലും 1982ലുമാണ് അദ്ദേഹം ഇടുക്കിയെ സഭയിൽ പ്രതിനിധീകരിച്ചത്. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റാണ് ജോസ് കുറ്റിയാനി.
വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം എഐസിസി അംഗമായും കെപിസിസി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. ഇടക്കാലത്ത് കോൺഗ്രസ് വിട്ടെങ്കിലും പിന്നീട് തിരികെയെത്തി. 2009ൽ എൻസിപി പിന്തുണയിൽ ലോക്‌സഭയിലേക്ക് മത്സരിച്ചു പിന്നീട് തൃണമൂൽ കോൺഗ്രസിലെത്തി. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി. സംസ്‌കാരം പിന്നീട്.
