Connect with us

Crime

അനധികൃത സ്പാകൾക്കെതിരെ ‘ഓപ്പറേഷൻ സ്പാ’

Published

on

തിരുവനന്തപുരം: കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലൈസൻസോ ഉത്തരവാദിത്വബോധമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടിയന്തരമായി പൂട്ടിക്കുമെന്നും സ്ഥാപന ഉടമകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് പല സ്പാകളും സ്ഥാപിക്കപ്പെടുന്നത്. ആരാണ് ഇവ ആരംഭിക്കുന്നതെന്നോ എന്താണ് അവിടെ നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത അവസ്ഥയാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം കേന്ദ്രങ്ങൾ ആളുകളെ വഞ്ചിക്കുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്യുന്നുണ്ട്- മന്ത്രി പറഞ്ഞു.

ഇത്തരം അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനായി കഴിഞ്ഞ മൂന്നു നാലു ദിവസമായി പോലീസ് സംസ്ഥാനത്തുടനീളം വ്യാപക റെയ്ഡുകൾ നടത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികൾ ഉണ്ടാകും. പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും സ്പാകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി പ്രത്യേക നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Continue Reading