Connect with us

Business

മെസിയെ  കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ  തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാമെന്ന് എസ്‌ഐടി

Published

on

തിരുവനന്തപുരം: അർജൻ്റീന താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ കോടികളുടെ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാമെന്ന് എസ്‌ഐടിയുടെ പുതിയ ശുപാർശ. സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി ഗൂഡാലോചന നടത്തി. കമ്പനി എംഡി ആന്റോ അഗസ്റ്റിൻ തെറ്റിദ്ധരിപ്പിച്ച് കരാറുണ്ടാക്കിയെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.

ആന്റോയും കൂട്ടുനിന്ന ഉദ്യോഗസ്ഥരും അഴിമതി കേസുകളിൽ പ്രതികളാവും. തട്ടിപ്പിൽ ഇഡി, ആർബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശുപാർശ ചെയ്യുന്നു. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് കത്ത് നൽകാനുള്ള ശുപാർശയും എസ്‌‌ഐടിയുടെ റിപ്പോർട്ടിലുണ്ട്. പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് എസ്‌ഐടി ഇന്ന് കൈമാറും. വഞ്ചന, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾക്കാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധനക്കുറ്റം ചുമത്താനുള്ള നിരവധി തെളിവുകളുണ്ടെന്നും എസ്‌‌ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകമായി അഴിമതിക്കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ല. പകരമായി നിലവിലുള്ള എഫ്‌ഐആറിൽ ഈ വകുപ്പ് കൂടി കൂട്ടിച്ചേർക്കാനാണ് ശുപാർശ.

ഒരു സ്വകാര്യ വ്യക്തിക്ക് അനധികൃതമായ സാമ്പത്തിക നേട്ടമുണ്ടാകുന്നതായി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തതിന്റെ തെളിവുകളുണ്ടെന്നും എസ്‌ഐടി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ കരാറിൽ ഒപ്പിട്ടു. സർക്കാരിന്റെ പങ്കാളിത്തമുള്ള പദ്ധതിയാണെന്ന് കരാറിൽ എഴുതിച്ചേർത്തു.ഹോസ്‌പിറ്റാലിറ്റി ചെലവുകൾ അടക്കം സർക്കാർ വഹിക്കുമെന്നും കരാറിൽ എഴുതിച്ചേർത്തു. മെസി വരുമെന്ന പ്രചാരണത്തിലൂടെ കമ്പനിയുടെ ബ്രാൻഡ് മൂല്യം ഉയരുകയും ഇതുവഴി അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading