NATIONAL
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി. അല്ലാത്തപക്ഷം സിജെപി രാജ്യവ്യാപക പ്രക്ഷോഭത്തിന്
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി. അല്ലാത്തപക്ഷം സിജെപി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് അഭിജീത് ദിപ്കെ മുന്നറിയിപ്പു നൽകി. ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറാണ് ഏറ്റവും വലിയ ദേശവിരുദ്ധൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ അദ്ദേഹം രാജി വയ്ക്കണം. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ കോക്രോച്ച് ജനത പാർട്ടി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. അദ്ദേഹം രാജി വയ്ക്കുന്നതുവരെ ഞങ്ങൾ പിന്നോട്ടില്ല.’– ദിപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി കൂടാതെ , എസ്ഐആർ നടപടികൾ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളും സിജെപി ഉന്നയിച്ചിട്ടുണ്ട്.
വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുമെന്ന് അഭിജീത് ദിപ്കെ നേരത്തെ ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെയും സൂചന നൽകിയിരുന്നു . മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്നായിരുന്നു ദിപ്കെയുടെ കുറിപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസും ആരോപിച്ചു. സ്കൂളുകൾ, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷകളിലെ ക്രമക്കേടുകൾ എന്നിവയെക്കുറിച്ച് സംഘടന പ്രചാരണം തുടരും. എന്നാൽ, ജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്തരം ശ്രമങ്ങൾ കൊണ്ട് പ്രയോജനമില്ലെന്നും വിഡിയോ സന്ദേശത്തിൽ ദാസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റേതായി പുറത്തുവന്ന പരിഷ്കാരങ്ങളിൽ പലതും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയുള്ളവയാണെന്നു സന്ധുവും വിവേക് ജോഷിയും ചൂണ്ടിക്കാട്ടിയതായി ഇംഗ്ലിഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. വെവ്വേറെ കുറിപ്പുകളിലൂടെ ഇക്കാര്യം കാബിനറ്റ് സെക്രട്ടറിയെയും അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്നതിനായി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം സംയുക്തമായി ഒരുങ്ങുന്നതായി വിവരം. കോൺഗ്രസ് മുൻകൈയെടുക്കുന്ന നീക്കത്തിനു പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം കക്ഷികളും പൂർണ പിന്തുണ പ്രഖ്യാപിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
