Business
വീണയുടെ കമ്പനി സിഎംആർഎലിനു സേവനം നൽകിയിട്ടില്ല, പിണറായിയോടുള്ള അടുപ്പം കാരണമാണ് പണം നൽകിയതെന്ന് കർത്ത
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ ടി.വീണയ്ക്ക് തിരിച്ചടിയായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയുടെ കമ്പനി സിഎംആർഎലിനു സേവനം നൽകിയിട്ടില്ലെന്നും, പിതാവായ പിണറായി വിജയനോടുള്ള അടുപ്പം കാരണമാണ് പണം നൽകിയതെന്നുമാണ് മൊഴി. ഇ.ഡിക്കു മുന്നിൽ 2024 ഏപ്രിൽ 24ന് നൽകിയ മൊഴിയാണ് പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു. വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. വീണയുടെ എക്സാലോജിക് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുകളിൽ തനിക്കു മനസ്സറിവില്ലെന്നാണ് പിണറായി വിജയന്റെ മകൾ ടി.വീണ കഴിഞ്ഞ മാസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴി. രണ്ടു കമ്പനികളും തമ്മിൽ 2017–21 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാൻ വീണയ്ക്കു കഴിഞ്ഞില്ല. സിഎംആർഎൽ കമ്പനി എന്തിനുവേണ്ടിയാണു തന്റെ കമ്പനിയായ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന ചോദ്യത്തിനും വീണയ്ക്ക് മറുപടി ഉണ്ടായില്ല.
അതതു കാലയളവിൽ എക്സാലോജിക്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ജീവനക്കാർക്കു മാത്രമേ ഇക്കാര്യങ്ങൾ അറിയാൻ കഴിയൂ എന്നായിരുന്നു വീണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ ‘എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ്’ വഴി 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതു സംബന്ധിച്ചും ഇ.ഡി വീണയോടു ചോദിച്ചിരുന്നു. രേഖകൾ വിശദമായി പരിശോധിച്ചശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ ഡി .
