Crime
പിണറായി പ്രതിസ്ഥാനത്താകുമ്പോൾ പാർട്ടി നേരിടുന്നത് കനത്ത പ്രതിസന്ധിയോ
കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യത. കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. 25 പേജുള്ള റിപ്പോർട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നൽകിയത്.
പാർട്ടി വിശാല സംസ്ഥാന കമ്മിറ്റി ചേർന്ന് വീഴ്ചകൾ തിരുത്തി പാർട്ടിയെ നവീകരിക്കാനുള്ള നീക്കത്തിനിടെയാണ് ഈ പ്രതിസന്ധിയും പാർട്ടി അഭിമുഖീകരിക്കുന്നത്. ലാവലിൻ കേസിൽ മുമ്പ് പിണറായി പ്രതിയായപ്പോൾ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമോ പദവിയോ അല്ലാത്തതിനാൽ തുടരുന്നതിൽ രാഷ്ട്രീയ ശരികേടില്ലെന്നായിരുന്നു അന്ന് പാർട്ടി വിലയിരുത്തിയത്. ഇന്നതല്ല സ്ഥിതി. സമാന സാഹചര്യമല്ല ഇപ്പോഴത്തേത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നെങ്കിലും പാർലമെന്ററി പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാൽ പ്രതിചേർക്കപ്പെട്ടാൽ, പ്രതിപക്ഷ നേതാവ്, എംഎൽഎ തുടങ്ങിയ പദവികൾ വഹിക്കുന്ന പിണറായിയുടെ രാജി ആവശ്യം സ്വാഭാവികമായും ഉയരും. സ്വന്തം പാർട്ടിക്കകത്തും ഇടതു മുന്നണിക്കകത്തും വലിയ ചർച്ചക്ക് ഇടനൽകും.ഭരണപക്ഷത്തുനിന്നും പാർട്ടിക്കുള്ളിൽനിന്നും വരാനിടയുള്ള എതിർപ്പുകളെ ചെറുക്കുക എളുപ്പമാകില്ല. ഭരണം നഷ്ടപ്പെട്ട് തിരിച്ചുവരവിന് മുന്നണി തയ്യാറെടുക്കുമ്പോൾ നയിക്കുന്ന നായകൻ തന്നെ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് വരുന്നത് ന്യായീകരിക്കുക അത്ര എളുപ്പമാകില്ല. വീണയുടെ കേസ് വന്നപ്പോൾ അതിനെ ന്യായീകരിക്കേണ്ട ബാധ്യതയില്ല എന്ന നിലപാടിലായിരുന്നു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പോലും സ്വീകരിച്ചത്. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിപിഐ ഈ പ്രതിസന്ധി ഘട്ടത്തിൽ പിണറായിക്ക് പരസ്യപിന്തുണ നൽകുമോ എന്നതും ഏറെ നിർണായകമാണ്. പിണറായിയുടെ വസതിയിൽ ഇ.ഡി റെയ്ഡിനെത്തിയപ്പോൾ അതിനെ സിപിഎം ചെറുക്കുകയും ആ നടപടി രാഷ്ട്രീയമായി ദോഷം ചെയ്‌തെന്നും പാർട്ടി തന്നെ വിലയിരുത്തിയതാണ്. വിശാല കമ്മിറ്റിയിൽ പിണറായിക്കെതിരായ കേസ് വിമർശകർ ഉയർത്താനും ഇന്നത്തെ സാഹചര്യത്തിൽ സാധ്യതയുണ്ട്.
നേതൃമാറ്റം കമ്മിറ്റിയോഗത്തിന്റെ അജണ്ടയിലില്ലെന്ന് പാർട്ടി ആവർത്തിക്കുമ്പോഴും പുതിയ സാഹചര്യം അതിലേക്ക് ചർച്ചകളുടെ വഴിതിരിച്ചുവിടാനും ഇടയുണ്ട്.
യുഡിഎഫ് സർക്കാർ ഇ.ഡിയുടെ കത്തിൽ എന്ത് നടപടിയെടുക്കും എന്നതും നിർണായകമാണ്. കേസ് എടുക്കാൻ ആധാരമാക്കി ഇ.ഡി നൽകിയിരിക്കുന്ന റിപ്പോർട്ടും കണ്ടെത്തലുകളും പരിശോധിച്ച് കേസെടുക്കാൻ തന്നെയാണ് സാധ്യത. അങ്ങനെ വരുമ്പോൾ ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന പ്രതിരോധമാകും സിപിഎം ഉയർത്തുക. രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാകും പാർട്ടി തീരുമാനം. ബിജെപിയുടെ രാഷ്ടീയ നീക്കത്തിന് സംസ്ഥാന സർക്കാരും ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപവും സിപിഎം ഇതിൽ ഉയർത്തും.
യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയെന്ന രേഖയെ പിൻപറ്റിയുള്ള രാഷ്ട്രീയ വിവാദവും തുടർന്നുള്ള അന്വേഷണവുമാണ് ഇപ്പോൾ ഇഡി സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക് നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ പ്രതിപക്ഷനേതാവ് പ്രതിയാകുന്ന സാഹചര്യം സിപിഎമ്മിനും വലിയ ക്ഷീണമാകും. ഈ കേസിൽ ഇതുവരെ പിണറായിയുടെ മകൾക്കെതിരായ ആരോപണം എന്ന നിലയിലാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചിരുന്നത്. മകളെ കരുവാക്കി ഇഡി പിണറായിയെയും പാർട്ടിയെയും വേട്ടയാടുകയാണെന്നും സിപിഎം നിലപാടെടുത്തിരുന്നു. എന്നാൽ, കേസെടുക്കുന്നതോടെ ആ നിലപാടിൽ തുടരുന്നത് എളുപ്പമാകില്ല.
തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ക്ഷീണത്തിൽനിന്ന് പുറത്തുകടക്കാനും തിരിച്ചടികളെ മറികടക്കാനും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിക്ക് പുതിയ ആഘാതം. പിണറായിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽനിന്ന് ഉയരുന്ന നിലപാടുകൾക്ക് ശക്തിനൽകുന്നതാകും ഇപ്പോഴത്തെ സാഹചര്യം. കോഴിക്കോട്ട് നടക്കാനിരിക്കുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരേ ശക്തമായ വിമർശനങ്ങൾക്ക് ഇത് ഇടയാക്കാം. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാനുള്ള ആവശ്യങ്ങളടക്കം ഉയരാം. ഇതിനെ പിണറായി എങ്ങിനെ പ്രതിരോധിക്കുമെന്നാണ് കണ്ടറിയേണ്ടത്.
