Connect with us

Crime

ഡൽഹിയിൽ പതിനാറുകാരിയായ വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി

Published

on

ന്യൂഡൽഹി: പതിനാറുകാരിയായ 11-ാം ക്ളാസ് വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി. ഓഗസ്റ്റ് നാലിന് ഡൽഹിയിലെ കാശ്‌മീരെ ഗേറ്റിന് സമീപത്തായി പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ബസിന്റെ ഡ്രൈവറും കണ്ടക്‌ടറും അറസ്റ്റിലായി.

നോയിഡയിലെ ബന്ധുവിനെ കാണാനായി ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ നിന്നെത്തിയതായിരുന്നു പെൺകുട്ടി. വീട്ടുകാരെ അറിയിക്കാതെയായിരുന്നു കുട്ടി യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു. കനത്ത മഴയിലും ഇരുട്ടിലും സ്ഥലംമാറിപ്പോയ കുട്ടി ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിലിറങ്ങി.

ഇതിനിടെ ഒഴിഞ്ഞ സ്ളീപ്പർ ബസ് വരുന്നതുകണ്ട് പെൺകുട്ടി കൈകാണിച്ചു. തങ്ങൾ നോയി‌ഡ സെക്‌ടർ 63ലേക്കാണ് പോകുന്നതെന്നും കയറിക്കോളാനും ബസ് ഡ്രൈവറായ കുൽദീപും കണ്ടക്‌ടർ സന്ദീപും കുട്ടിയോട് പറഞ്ഞു. ബസ് ഓടിത്തുടങ്ങിയതിന് പിന്നാലെ കണ്ടക്‌ടർ മോശമായി പെരുമാറാൻ തുടങ്ങിയതായി പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് പീഡിപ്പിച്ചുവെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

പിന്നാലെ പെൺകുട്ടിയെ ഉപേക്ഷിച്ചതിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് കാശ്‌മീരെ ഗേറ്റ് സ്റ്റേഷനിലെത്തി പെൺകുട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നോർത്ത് ഡൽഹിയിലെ തിമാർപൂർ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവം നടന്ന ബസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.ബസിലെ കേടുപാടുകൾ പരിഹരിച്ചതിനുശേഷം തിരികെ വരുമ്പോഴാണ് പ്രതികൾ പെൺകുട്ടിയെ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. പരി ചൗക്കിൽ നിന്ന് കാശ്‌മീരെ ഗേറ്റുവരെ ഏകദേശം 47 കിലോമീറ്ററുകളാണ് കൃത്യം നടക്കുന്നതിനിടെ ബസ് സഞ്ചരിച്ചത്. ബസിൽ കർട്ടനിട്ടിരുന്നതിനാൽ പുറത്തുനിന്നുള്ളവർക്ക് ഉള്ളിലെ കാര്യങ്ങൾ അറിയാൻ സാധിച്ചില്ലെന്നും പൊലീസ് അറിയിച്ചു.

Continue Reading