Crime
മുട്ടില്‍ മരംമുറി കേസ് : അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി. വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ഹരജി തള്ളി
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വലിയ തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്തുകൊണ്ടും കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പ്രതികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. വഞ്ചനാക്കേസ് പരിഗണിക്കാനും വിചാരണ നടത്താനും തങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, ഓഗസ്റ്റ് 31-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്നും ഉത്തരവിട്ടു.
അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ വ്യാജ പെര്‍മിറ്റ് കാട്ടി തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചു വിറ്റെന്ന കേസിലാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ നിയമനടപടി നേരിടുന്നത്. വനംവകുപ്പിന്റെ പെര്‍മിറ്റുണ്ടെന്ന് വിശ്വസിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് മരം വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. 1.4 കോടി രൂപ വാങ്ങി പെര്‍മിറ്റില്ലാത്ത മരം നല്‍കി വഞ്ചിച്ചെന്ന് കാണിച്ച് കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഉടമ എം. എം. അലിയാര്‍ അമ്പലമേട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ചോറ്റാനിക്കര കോടതിയില്‍ കേസ് നടപടികള്‍ പുരോഗമിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിന്‍ ഓഗസ്റ്റ് 31-ന് കുറ്റപത്രം വായിച്ചു കേള്‍ക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം റോജി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും, മുന്‍പുള്ള പല നടപടികളില്‍ നിന്നും വിട്ടുനിന്ന പ്രതികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം, രണ്ടും മൂന്നും പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ പ്രത്യേക അപേക്ഷ പരിഗണിച്ച് അവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ ഹാജരാകാന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് റോജി അഗസ്റ്റിന്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. വിഷയം ചോറ്റാനിക്കര കോടതിയെത്തന്നെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. വിചാരണ കോടതിയുടെ പുതിയ ഉത്തരവോടെ വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ വേഗത്തിലാക്കാനും ഓഗസ്റ്റ് 31-ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതോടെ വിചാരണ ഘട്ടത്തിലേക്ക് കടക്കാനും വഴിയൊരുങ്ങിയിരിക്കുകയാണ്.
