Crime
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് ക്ലീൻ ചിറ്റ്
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്ര കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്കും ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തരവകുപ്പ് എസ്ഐടി റിപ്പോർട്ട് അയോധ്യ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് തിങ്കളാഴ്ച കൈമാറിയിരുന്നു.
ക്ഷേത്ര കൊള്ള വിവാദം പുറത്തുവന്നതിനു പിന്നാലെ ജൂൺ 27ന് ചമ്പത്ത് റായിയും അനിൽ മിശ്രയും പദവികളിൽ നിന്ന് രാജി വച്ചിരുന്നു. കേസിൽ ഇരുവരെയും എസ്ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ ക്ഷേത്ര കൊള്ളയുമായി ബന്ധമുണ്ടെന്ന ആരോപണം ചമ്പത് റായി നിഷേധിച്ചിരുന്നു. കൂടാതെ തന്‍റെ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും വാദിച്ചു. ക്രമക്കേടുകൾ ഇല്ലെന്നത് ഉറപ്പാക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമാണെന്നും വിവരം ലഭിച്ചതിനെ പിന്നാലെ തന്നെ താൻ നടപടി എടുത്തെന്നും ചമ്പത്ത് റായി പറഞ്ഞിരുന്നു.
സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ എസ്ഐടി രൂപീകരിച്ചത്. റേഞ്ച് ഐജി എസ്. കിരൺ, ധനകാര്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജൂൺ 23ന് എസ്ഐടി നിരവധി കർശന ശുപാർശകൾ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗം കൃഷ്ണമോഹൻ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
