Connect with us

Crime

നിയമസഭാ കയ്യാങ്കളിക്കേസിൽ സിപിഎമ്മിന് തിരിച്ചടിവനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി

Published

on

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സിപിഎമ്മിന് തിരിച്ചടി നൽകി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം എ വാഹിദ്, എ ടി ജോർജ് എന്നിവരായിരുന്നു പ്രതികൾ.

2015 മാർച്ച് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി ഉണ്ടായത്. എൽഡിഎഫ് എംഎൽഎയായിരുന്ന ഗീതാ ഗോപിയെ ഒന്നാം പ്രതി ശിവദാസൻ നായർ മന:പൂർവം തള്ളി താഴെയിട്ടെന്നും മറ്റു മൂന്നു പേരും ചേർന്ന് തടഞ്ഞുവച്ചെന്നുമായിരുന്നു എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. വീഴ്ചയിൽ ഗീതാ ഗോപിയുടെ നടുവിന് പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു മ്യൂസിയം പൊലീസ് കേസെടുത്തത്.

വനിതാ എൽഡിഎഫ് എംഎൽഎമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബഹളത്തിനിടയിൽ കൈമുട്ട് തട്ടിയതാണ്. സ്ത്രീത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇവർ കോട‌തിയെ അറിയിച്ചിരുന്നു. കേസ് വ്യാജമാണെന്നും എംഎൽഎമാർ വാദിച്ചിരുന്നു. പിന്നാലെ ഇത് പരിഗണിച്ച കോടതി ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം എ വാഹിദ് എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. അവസാനം നിലനിന്നിരുന്ന എ ടി ജോർജിനെതിരായ കേസാണ് നിലവിൽ കോടതി റദ്ദാക്കിയിരിക്കുന്നത്.

Continue Reading