KERALA
ദേശാഭിമാനിയിലെ‘കള്ളൻ വിജയൻ’ വിവാദം; മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു. ‘കള്ളൻ വിജയൻ’ ലേഖനം വിവാദമായതിനു പിന്നാലെയാണ് നടപടി. ലേഖനം വിവാദമായതോടെ നേരത്തേതന്നെ രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന് നിർദേശം നൽകിയിരുന്നു.
വിവാദമായ ഈ വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വാദം. കള്ളൻ വിജയൻ ലേഖന വിവാദം ദേശാഭിമാനിയേയും സിപിഎമ്മിനേയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ഫീച്ചറുള്ള വാരാന്തപ്പതിപ്പിൽ തിരുവനന്തപുരത്തെ ഒരു നാടകഗ്രാമവുമായി ബന്ധപ്പെട്ട ലേഖനവും ഉണ്ടായിരുന്നു. ഈ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ തലക്കെട്ടുള്ളതുകൊണ്ട് ലേഖനം പുറത്തിറക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിക്കുകയും ഞായറാഴ്ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കള്ളൻ വിജയൻ എന്ന ലേഖനം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന്റെ ചുമതലക്കാരനായിരുന്ന കെ.ആർ. അജയൻ അതിന് തയ്യാറായില്ലെന്നാണ് മാനേജ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
