Business
കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ വൻതീപിടിത്തത്തിൽ കുട്ടിയുൾപ്പടെ ഒമ്പത് പേർ മരിച്ചു
കൊൽക്കത്ത: ഹോട്ടലിലുണ്ടായ വൻതീപിടിത്തത്തിൽ കുട്ടിയുൾപ്പടെ ഒമ്പത് പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ഫ്രീ സ്‌കൂൾ സ്‌ട്രീറ്റിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്. ന്യൂ മാർക്കറ്റിന് സമീപമുള്ള തിരക്കേറിയ പ്രദേശത്താണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.
തീപിടിത്തത്തിൽ മരിച്ച ഒമ്പതുപേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഇവർ ചികിത്സയ്‌ക്കായി കൊൽക്കത്തയിലേക്ക് എത്തിയവരാണെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഹോട്ടലിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.നാല് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്തപുക രക്ഷാപ്രവർത്തനത്തിന് തടസമായി. 15 പേരെ രക്ഷപ്പെടുത്തിയതിൽ ആറു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൂടുതൽപേർ ഹോട്ടലിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
