NATIONAL
തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നയാളെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ മരിച്ച നിലയിൽ. തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയാണ് മരിച്ചത്. വസതിക്ക് സമീപമുള്ള തൃണമൂൽ കോണ്‍ഗ്രസ് ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി ഓഫീസിൽ നിന്ന് കുറിപ്പും കണ്ടെടുത്തു. അഞ്ച് തവണ എംഎൽഎ ആയിരുന്ന ആശിഷ് ബാനർജി, മമത ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്നു.
ആശിഷ് ബാനർജിയെ ബീർഭൂം ജില്ലയിലെ രാംപൂർഹാട്ടിലുള്ള വസതിയോട് ചേർന്നുള്ള തൃണമൂൽ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ‘എന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്നാണ് അവസാന കുറിപ്പിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാഷ്ട്രീയ പ്രവർത്തകനായതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, തന്റെ കുടുംബാംഗങ്ങളോട് ഇനി രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ടു. പാർട്ടിയിലെ ചില തെറ്റായ നടപടികൾ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അതിനെതിരെ പ്രതികരിക്കാൻ സാധിച്ചില്ലെന്ന് കുറിപ്പിൽ പറയുന്നു.
താരാപീഠ് രാംപൂർഹാട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി (ടിആർഡിഎ) ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. തനിക്ക് അധികാരങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു. യോഗങ്ങളിൽ പങ്കെടുക്കുന്നതല്ലാതെ ടിആർഡിഎയിൽ മറ്റു ചുമതലകളൊന്നും ഉണ്ടായിരുന്നില്ല. ടെൻഡർ കമ്മിറ്റിയിലോ ചെക്കുകളിൽ ഒപ്പിടാനോ പ്ലാനുകൾ അംഗീകരിക്കാനോ തനിക്ക് അധികാരമില്ലായിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം കുറിച്ചു.
