NATIONAL
ഗ്യാനേഷ് ഉടൻ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം,
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി സിജെപി. നാളേയ്ക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽനിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു
പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അഭിജീത്തിന്റെ പ്രതികരണം. ഈ ഗാന്ധിജയന്തിദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും കുറിപ്പിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടു. എക്‌സിലെ മറ്റൊരു കുറിപ്പിലൂടെയായിരുന്നു ഈ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പ്രതിപക്ഷം പങ്കാളികളാകുന്നത്, പിഴവുകളുള്ള സംവിധാനത്തിന് അംഗീകാരം നൽകലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രതിപക്ഷത്തിന് വേണ്ടി’, എന്ന ആമുഖത്തോടെയാണ് അഭിജീത്തിന്റെ കുറിപ്പ്. അതെ, തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ട്. എന്നാൽ, അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ തുടർന്നും പങ്കെടുക്കുമ്പോൾ, നിങ്ങൾ ഇത്തരം തിരഞ്ഞെടുപ്പുകളെ സാധൂകരിക്കുകയും അവ സ്വതന്ത്രവും നീതിയുക്തവുമാണെന്ന മിഥ്യാധാരണ നിലനിർത്താൻ സഹായിക്കുകയുമാണ് ചെയ്യുന്നത്.
മത്സരിച്ചില്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ അസ്തിത്വം ഇല്ലാതാകുമെന്ന് ഭയക്കുന്നതുകൊണ്ടാകാം നിങ്ങൾ മത്സരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, വോട്ടുകൾ മോഷ്ടിക്കപ്പെടുകയും നിങ്ങളുടെ എംഎൽഎമാരെയും എംപിമാരെയും കൂറുമാറ്റുകയും പാർട്ടികൾ പിളരുകയും ചെയ്യുമ്പോൾ എന്ത് തരത്തിലുള്ള അസ്തിത്വമാണ് നിങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത്?
ഇത് രാഷ്ട്രീയ അതിജീവനമല്ല. നിങ്ങളെ ദുർബലപ്പെടുത്താനോ, നിങ്ങളുടെ പാർട്ടിയെ പിളർത്താനോ, നിങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാനോ കഴിയുന്ന ഒരു വ്യവസ്ഥിതിയിൽ നിങ്ങൾ വെറുതെ നിലനിൽക്കാൻ ശ്രമിക്കുകയാണ്. ഇങ്ങനെ എത്ര കാലം നിങ്ങൾക്ക് അതിജീവിക്കാൻ കഴിയും?
നിങ്ങൾക്ക് വേണ്ടപ്പെട്ട സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുമ്പോൾ മാത്രം അതിനെക്കുറിച്ച് സംസാരിക്കുകയും, മറ്റെവിടെയെങ്കിലും അത് നടക്കുമ്പോൾ നിശ്ശബ്ദത പാലിക്കുകയും ചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെങ്കിൽ, അത് ഏത് സംസ്ഥാനത്താണെന്നോ ഏത് പാർട്ടിയെയാണ് ബാധിക്കുന്നതെന്നോ എന്ന വ്യത്യാസമില്ലാതെ ഇടപെടണം.
ഈ കളിയിൽ ക്രമക്കേടുണ്ടെന്ന് തുടർച്ചയായി പറയുകയും അതേസമയം, അതിൽ പങ്കെടുക്കുകയും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. അട്ടിമറിക്കപ്പെട്ട ഈ തിരഞ്ഞെടുപ്പുകൾക്ക് സാധുത നൽകുന്നത് നിങ്ങളുടെ പങ്കാളിത്തമാണ്.
നിങ്ങളുടെ സ്വന്തം രാഷ്ട്രീയ അതിജീവനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും കുറിച്ച് ചിന്തിക്കൂ. ഒരു നിലപാട് എടുക്കുകയും അട്ടിമറിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്നും അഭിജീത് ദിപ്‌കെ കുറിപ്പിൽ ചൂണ്ടിക്കാട്ടി
