Crime
ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികപീഡന കേസിൽ ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിംഗിനെ വെറുതെവിട്ടു.
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികപീഡന കേസിൽ മുൻഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും വെറുതെവിട്ടു. ഡൽഹി വിചാരണക്കോടതിയുടേതാണ് വിധി. കേസിലെ ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
വിധി വന്നതിന് പിന്നാലെ കോടതി തന്നെ ബഹുമാനപ്പെട്ട കോടതി കുറ്റവിമുക്തനാക്കി എന്ന് ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ‘എനിക്കെതിരെ ആരോപണം തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കാൻ തയ്യാറാണെന്ന് ആരോപണം ഉയർന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. സംഭവിച്ചതെല്ലാം കഴിഞ്ഞു” – അദ്ദേഹം പ്രതികരിച്ചു.
ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചത്. തുടക്കത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന ഡൽഹി പൊലീസ് 2023ൽ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് കേസെടുത്തത്. ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ പ്രേരണാകുറ്റവും ചുമത്തിയിരുന്നു. കേസിൽ മുൻപ് ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.2016 നും 2019 നും ഇടയിൽ ഗുസ്തി ഫെഡറേഷൻ ഓഫീസിലും ഔദ്യോഗിക വസതിയിലും വിദേശത്തുംവച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു പരാതി.
